മാന്യമായി സംസാരിക്കണമെന്ന് ഉപദേശിച്ചു; അധ്യാപകനെ വിദ്യാര്‍ഥിയും സഹോദരനും കോളേജിലെത്തി മര്‍ദിച്ചു
പത്തിരിപ്പാല (പാലക്കാട്): പത്തിരിപ്പാല ഗവ. കോളേജില്‍ അധ്യാപകന് മര്‍ദനം. വിദ്യാര്‍ഥിയടക്കം രണ്ടാളുടെപേരില്‍ മങ്കര പോലീസ് കേസെടുത്തു.
കോളേജിലെ രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥി മുഹമ്മദ് അനസ് (19), അനസിന്റെ സഹോദരന്‍ മണ്ണൂര്‍ സ്വദേശി ആഷിക് അലി (30) എന്നിവരുടെ പേരിലാണ് കേസെടുത്തത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ കെ. ഷബീറിനാണ് മര്‍ദനമേറ്റത്. അധ്യാപകന്‍ ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ ചികിത്സതേടി.
ചൊവ്വാഴ്ച രാവിലെ 11.15-നാണ് സംഭവം. രാവിലെ കോളേജില്‍വെച്ച് മുഹമ്മദ് അനസിന്റെ ബൈക്കില്‍ കോളേജിലെ ഒരു അധ്യാപികയുടെ കാര്‍ തട്ടിയിരുന്നെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന്, സ്റ്റാഫ് മുറിയിലെത്തിയ ഇരുവരും അധ്യാപികയെ അസഭ്യം പറഞ്ഞതായി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതുകേട്ട് ഷബീര്‍ ഇടപെടുകയും മാന്യമായി സംസാരിക്കണമെന്ന് വിദ്യാര്‍ഥിയോടും സഹോദരനോടും ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ബഹളമുണ്ടാക്കി ഷബീറിനെ മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് വൈസ് പ്രിന്‍സിപ്പല്‍ ശിവപ്രഭയുടെ അധ്യക്ഷതയില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗംചേര്‍ന്ന് വിദ്യാര്‍ഥിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി കോളേജ് അധികൃതര്‍ പറഞ്ഞു.