മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് ശീതീകരിച്ചു സംരക്ഷിക്കാന്‍ ഭാര്യയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല അനുമതി
മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് ശീതീകരിച്ചു സംരക്ഷിക്കാന്‍ ഭാര്യയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല അനുമതി. ജസ്റ്റിസ് എം.ബി. സ്‌നേഹലതയാണ് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഈ നിര്‍ണ്ണായക ഉത്തരവിട്ടത്. ബീജം ശേഖരിക്കാന്‍ അനുമതി നല്‍കിയെങ്കിലും, ഇത് ഉപയോഗിച്ചുള്ള കൃത്രിമ ഗര്‍ഭധാരണ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് കോടതിയുടെ പ്രത്യേക അനുമതി വീണ്ടും തേടേണ്ടതുണ്ട്. കേസ് ഏപ്രില്‍ 7-ന് കോടതി വീണ്ടും പരിഗണിക്കും.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് തന്റെ ഭര്‍ത്താവിന്റെ പിതൃത്വം നിലനിര്‍ത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. ചിക്കന്‍പോക്‌സിനെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ വീനസ് ത്രോംബോസിസ് എന്ന ഗുരുതര സാഹചര്യം കാരണമാണ് യുവതിയുടെ ഭര്‍ത്താവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വാസം നിലനിര്‍ത്തുന്ന ഭര്‍ത്താവില്‍ നിന്ന്, ഭാവിയില്‍ ഒരു കുഞ്ഞിനായി ബീജം ശേഖരിച്ചു വെക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ നിന്ന് നിലവിലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (അഞഠ) നിയമപ്രകാരം രേഖാമൂലമുള്ള സമ്മതം വാങ്ങാന്‍ കഴിയില്ലെന്ന നിയമപരമായ തടസ്സമാണ് യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ചികിത്സ വൈകിയാല്‍ അമ്മയാകാനുള്ള തന്റെ ഏക സാധ്യത എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന വൈകാരികമായ വശം കൂടി പരിഗണിച്ച കോടതി, അടിയന്തരമായി ബീജശേഖരണത്തിനും സംരക്ഷണത്തിനും അനുമതി നല്‍കുകയായിരുന്നു.