മാസപ്പടിക്കേസ്, ഇ ഡി അന്വേഷണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി, സ്റ്റേ ഇല്ല
കൊച്ചി: മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
കേസിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണവുമായി ഇ.ഡിക്ക് മുന്നോട്ടുപോകാമെന്ന് ഉത്തരവിട്ടു. ഇതോടെ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതടക്കമുള്ള തുടർനടപടികളിലേക്ക് അന്വേഷണ ഏജൻസിക്ക് വേഗത്തിൽ കടക്കാൻ സാധിക്കും.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി നടത്തുന്ന അന്വേഷണങ്ങളെയും സമൻസുകളെയും സി.എം.ആർ.എൽ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എഫ്.ഐ.ആർ പോലുമില്ലാതെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചതെന്നും, ഇത് അധികാരപരിധിക്ക് പുറത്താണെന്നുമാണ് കമ്പനിയുടെ പ്രധാന വാദം.
അന്തിമ ഉത്തരവ് വരുന്നത് വരെ അന്വേഷണങ്ങളും തുടർനടപടികളും നിർത്തിവെക്കണമെന്നും കമ്പനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിനെത്തുടർന്ന്, കഴിഞ്ഞ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയടക്കം 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ നിന്ന് ലഭിച്ച നിർണായക രേഖകൾ കോടതിയിൽ ഹാജരാക്കി സി.എം.ആർ.എല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇ.ഡിയുടെ നീക്കം.
ആവശ്യമെങ്കിൽ ഈ രേഖകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച് അന്വേഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും അന്വേഷണ ഏജൻസി തയ്യാറായേക്കും.