പാലിയക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ച നടപടി നീട്ടി ഹൈക്കോടതി

കൊച്ചി:ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി.
ദേശീയ പാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചെന്നും സര്‍വ്വീസ് റോഡുകള്‍ പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കിയെന്നുമായിരുന്നു എന്‍ എച്ച് എ ഐ യുടെ വാദം.
എന്നാല്‍ ഇപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് ട്രാഫിക്ക് മാനേജ്മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ടോള്‍ പിരിവ് തടഞ്ഞ നടപടി സെപ്റ്റംബര്‍ 9വരെ തുടരണമെന്നും കോടതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ 6നാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലായിരുന്നു ഉത്തരവ്.
ഇതിനെതിരെ ദേശീയ പാത അതോറിറ്റിയും ടോള്‍ പിരിക്കുന്ന കമ്പനിയും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.