ഇൻഡി​ഗോ വിമാന പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

 
court

ഇൻഡി​ഗോ വിമാന പ്രതിസന്ധി ഇത്രയേറെ വഷളാകാൻ കാരണം കേന്ദ്രസർക്കാരാണെന്ന് വിമർശിച്ച് ഡൽഹി ഹൈക്കോടതി.

ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കാൻ വേണ്ട നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചില്ല. സർവ്വീസുകൾ വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കി. യാത്രക്കാർക്ക് എത്രയും വേ​ഗം നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.


പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റ് വിമാനക്കമ്പനികൾക്ക് നേട്ടമാകുന്നത് ? ടിക്കറ്റ് നിരക്ക് എങ്ങനെയാണ് 35000 മുതൽ 40000 ആയി ഉയരുന്നത് ? ഇത് യാത്രക്കാർക്ക് പ്രതിസന്ധിയും സാമ്പത്തിക നഷ്ടവും വരുത്തില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഡി​ഗോ, വ്യോമയാന മന്ത്രാലയം, ഡി ജി സി എ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.


പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശിച്ച വിശ്രമ സമയം അനുവദിച്ചതോടെയുണ്ടായ പ്രതിസന്ധിയാണ് ഇൻഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാകാന്‍ കാരണമായി പറഞ്ഞത്.


പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇൻഡി​ഗോ വിമാനങ്ങൾ റദ്ദാക്കിയത്.

പ്രതിസന്ധി ആരംഭിച്ച ശേഷം ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ഇതുവരെ 4600-ലേറെ സർവ്വീസുകളാണ് റദ്ദാക്കിയത്. നവംബർ 1 മുതലാണ് വിശ്രമം ഡ്യൂട്ടി സംബന്ധിയായ മാനദണ്ഡങ്ങൾ ഇൻഡിഗോ കൂടുതൽ കർശനമാക്കിയത്. ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags

Share this story

From Around the Web