ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നാം പക്വത പ്രാപിച്ചിട്ടുണ്ടോ?

 
JESUS PRAYER

'പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം' (1 തെസ്സ. 5:8).


തന്റെ ലേഖനങ്ങളില്‍ ഒന്നില്‍ പത്രോസ് ശ്ലീഹ നമ്മുടെ ശ്രദ്ധയെ ഇങ്ങനെ ക്ഷണിക്കുന്നു. 'ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. 

നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍' (1 പത്രോസ് 3:15). 

ഇന്നത്തെ ദൃശ്യ മാധ്യമങ്ങളില്‍ സഭ പ്രബോധനങ്ങളെ പറ്റി, ക്രൈസ്തവരുടെ ആദ്ധ്യാത്മികതയെ പറ്റി നിരവധി തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. 

അത് നമ്മളെ വഴിതെറ്റിക്കുകയോ ആശയകുഴപ്പത്തില്‍ ആക്കുകയോ ചെയ്യുന്നുവെങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക. യേശുവുമായുള്ള നമ്മുടെ ബന്ധത്തിന് പക്വത കൈവന്നിട്ടില്ല.

അതേ സമയം ക്രിസ്തുവിനും അവിടുത്തെ മൌതിക ശരീരമായ സഭക്കെതിരെയും വരുന്ന ആരോപണങ്ങളില്‍ അടിപതറാത്ത വിശ്വാസവുമായി നാം മുന്നേറുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം, നാം വിശ്വാസത്തില്‍ പക്വത പ്രാപിച്ചവരാണെന്നാണ്. 

വിശ്വാസം എന്ന് പറയുന്നത് കേവലം അന്ധമായ ഒരു വികാരമല്ല. മറിച്ച്, ദൈവീക വിളിയോടുള്ള യാഥാസ്തികമായ പ്രതികരണമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നാമെല്ലാവരും യേശുവിനാല്‍ വീണ്ടെടുക്കപ്പെട്ട ഒരു ജനമാണ്. ഈ ചിന്ത നമ്മുടെ എല്ലാവരുടെയും മനസ്സിലും, ചിന്തയിലും, ഹൃദയത്തിലും, ബോധമണ്ഡലത്തിലും വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. 

കാല്‍വരിയിലെ ത്യാഗബലിയാല്‍ നാം ദൈവവുമായി ഐക്യം പ്രാപിച്ചിരിക്കുന്നു. മാനസികമായും ശാരീരികമായും നാം വളരുന്നതിനനുസരിച്ച് ഈ വിശ്വാസവും വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കണം. 

എങ്കില്‍ മാത്രമേ ആദ്ധ്യാത്മികമായ പക്വത പ്രാപിക്കുവാന്‍ നമ്മുക്ക് സാധിക്കുകയുള്ളൂ. ക്രിസ്തുവിലുള്ള വിശ്വാസത്തിന് പക്വത പ്രാപിച്ചിട്ടുണ്ടോയെന്ന് ഒരു നിമിഷം ആത്മശോധന ചെയ്തു നോക്കുക.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സാല്‌സ്ബര്‍ഗ്ഗ്, 26.6.88)

Tags

Share this story

From Around the Web