എ.ഐ ക്യാമറ ചിത്രങ്ങള്‍ കുടുംബകലഹങ്ങള്‍ക്ക് കാരണമായിട്ടുണ്ടോ; എ.ഐ ക്യാമറ ചിത്രങ്ങള്‍ സ്വകാര്യമാക്കി ഇ-ചെല്ലാന്‍ പോര്‍ട്ടല്‍

 
ai

എ.ഐ ക്യാമറ പിഴ നോട്ടീസുകള്‍ പല കുടുംബങ്ങളിലും വഴക്കിനും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയ പശ്ചാത്തലത്തില്‍ ഇ-ചെല്ലാന്‍ പോര്‍ട്ടലില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. ഇനി മുതല്‍ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിക്കാന്‍ കഴിയൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കിയാല്‍ മാത്രമേ ചിത്രങ്ങള്‍ ലഭ്യമാകൂ. കൂടാതെ, പിഴ അറിയിപ്പായി വരുന്ന എസ്.എം.എസിലെ ചെല്ലാന്‍ നമ്പര്‍ ഉപയോഗിച്ചും വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. https://echallan.parivahan.nic.in/challan എന്ന വെബ്സൈറ്റില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

മുന്‍പ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രം കൈവശമുണ്ടെങ്കില്‍ ആര്‍ക്കും ഏത് വാഹനത്തിന്റെയും പിഴ വിവരങ്ങളും നിയമലംഘന ദൃശ്യങ്ങളും ഡൗണ്‍ലോഡ് ചെയ്യാമായിരുന്നു. എന്നാല്‍ ചിലര്‍ ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതും, പ്രത്യേകിച്ചും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും വലിയ പരാതികള്‍ക്ക് വഴിവെച്ചു. കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് അയക്കുന്ന ചിത്രങ്ങള്‍ പല കുടുംബങ്ങളിലും വലിയ അസ്വാരസ്യങ്ങള്‍ക്കാണ് കാരണമായത്. ഒടുവില്‍ ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് വെബ്സൈറ്റില്‍ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.


അതേസമയം, കുറ്റം ചെയ്‌തെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്താനും പിഴയിലെ പോരായ്മകള്‍ കണ്ടെത്താനും ചിത്രങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് എന്നതിനാല്‍ ദൃശ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാവില്ല. വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ മൂലം നിരപരാധികളായ ഉടമകള്‍ക്ക് പിഴ നോട്ടീസ് ലഭിക്കുന്ന സാഹചര്യവുമുണ്ട്. പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ https://echallan.parivahan.nic.in/grievance എന്ന ലിങ്ക് വഴി ഉടമകള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്

Tags

Share this story

From Around the Web