വിദ്വേഷ പ്രസംഗം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന നിലപാടുമായി ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാന്‍
ന്യൂയോര്‍ക്ക്: വിദ്വേഷ പ്രസംഗം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന നിലപാടുമായി ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാന്‍. വിദ്വേഷ പ്രസംഗങ്ങളെ പ്രതിരോധിക്കുന്നതിനായി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാസ്ഥാനത്ത് സംഘടിപ്പിച്ച ആഗോള മതാന്തര-സാംസ്‌കാരിക സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ പുതിയ സ്ഥിര നിരീക്ഷകന്‍ ആര്‍ച്ചുബിഷപ് ക്രിസ്റ്റോഫ് സാക്കിയ എല്‍ കാസിസയാണ് വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്.
ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും വിദ്വേഷം പടര്‍ത്തുകയോ അക്രമത്തിന് പ്രചോദനമാവുകയോ ചെയ്യുന്ന വിധത്തില്‍ ബോധപൂര്‍വം ഉപയോഗിക്കുന്ന വാക്കുകള്‍ക്കോ പ്രസംഗങ്ങള്‍ക്കോ ഈ അവകാശത്തിന്റെ ആനുകല്യം അവകാശപ്പെടാനാകില്ലെന്നും ആര്‍ച്ചുബിഷപ് ക്രിസ്റ്റോഫ് കാസിസ വത്തിക്കാന്റെ സ്ഥിരനീരീക്ഷകന്‍ എന്ന നിലയില്‍ നടത്തിയ ആദ്യ ഔദ്യോഗിക പ്രസംഗത്തില്‍ പറഞ്ഞു.
മതം, ജാതി, ദേശീയത തുടങ്ങിയവയുടെ പേരില്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും എതിരെ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ അയല്‍ക്കാരനെ സ്നേഹിക്കണമെന്ന പ്രമാണത്തിന് എതിരാണ്.
വിദ്വേഷ പ്രസംഗങ്ങള്‍ പൊതുചര്‍ച്ചകളെ വിഷലിപ്തമാക്കുകയും സമൂഹത്തില്‍ ഭിന്നതയും അതിക്രമങ്ങളും വളര്‍ത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്കുകള്‍ക്ക് വലിയ ശക്തിയുണ്ടെന്നും സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി നാം ആദ്യം നമ്മുടെ വാക്കുകളെയാണ് നിരായുധീകരിക്കേണ്ടതെന്നും ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ ചാക്രികലേഖനമായ 'മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്' ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്് വ്യക്തമാക്കി.
ലബനന്‍ സ്വദേശിയായ ആര്‍ച്ചുബിഷപ് ക്രിസ്റ്റോഫ് എല്‍ കാസിസ്, വത്തിക്കാന്‍ നയതന്ത്ര സേവനത്തിന്റെ ഭാഗമായി ഇന്തോനേഷ്യ, സുഡാന്‍, തുര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2026 ജൂലൈയില്‍ യുഎന്നിലെ വത്തിക്കാന്റെ സ്ഥിര നിരീക്ഷകനായി നിയമിതനായ ആര്‍ച്ചുബിഷപ് സെപ്റ്റംബര്‍ 16-നാണ് ചുമതലയേറ്റത്.