കാനഡയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന

ഓട്ടവ: കാനഡയില്‍ ദക്ഷിണേഷ്യന്‍ വംശജര്‍ക്കെതിരെയുള്ള വംശീയ വിദ്വേഷ കുറ്റകൃത്യങ്ങള്‍ കുത്തനെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്, പ്രധാനമായും ഇന്ത്യന്‍ വംശജരാണ് വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഇരയാകുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കാനഡയിലുടനീളം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ദക്ഷിണേഷ്യന്‍ വിരുദ്ധ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നുവരുന്നത് ഈ സമൂഹങ്ങള്‍ക്കും രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്കും ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങള്‍ 2019-നും 2023-നും ഇടയില്‍ 1,350% വര്‍ധിച്ചതായി ദി ഇന്‍സ്റ്റിറ്ട്ട് ഫോര്‍ സ്ട്രാറ്റജിക് ഡയലോഗ് (ടഉ) റിപ്പോര്‍ട്ട് ചെയ്തു. 2019-നും 2023- നും ഇടയില്‍ ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ക്കെതിരായി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങള്‍ 227% വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഐഎസ്സിയുടെ കണക്കനുസരിച്ച്, ഇതേ കാലയളവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സില്‍ ദക്ഷിണേഷ്യന്‍ വിരുദ്ധ അധിക്ഷേപങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍, പ്രധാനമായും ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ളവ,1,350% വര്‍ധന രേഖപ്പെടുത്തി.
കാനഡയിലെ ഫെഡറല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2025 മാര്‍ച്ച് 1-നും ഏപ്രില്‍ 20-നും ഇടയില്‍, ദക്ഷിണേഷ്യന്‍ വിരുദ്ധ വംശീയ വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയ രണ്ടായിരത്തിലധികം പോസ്റ്റുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി പങ്കിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
''അശുദ്ധര്‍, 'വൈദഗ്ധ്യമില്ലാത്തവര്‍', 'ഭീഷണിപ്പെടുത്തുന്നവര്‍' എന്നിങ്ങനെ കാനഡയിലെ ഇന്ത്യക്കാരെ അധിക്ഷേപിക്കാന്‍ വിവിധ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നുണ്ട്.
കാനഡയില്‍ ദക്ഷിണേഷ്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഒരു പ്രധാന സംഭാവന നല്‍കുന്നത്, തീവ്ര വലതുപക്ഷ ലൈവ് സ്ട്രീമര്‍മാരുടെയും അവരുടെ പിന്തുണക്കാരുടെയും ഒരു കൂട്ടായ്മയായി ഉയര്‍ന്നുവന്ന തീവ്രവാദ ശൃംഖലയായ ഡയഗോലോണ്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ കനേഡിയന്‍ സായുധ സേന അംഗമായ ജെറമി മക്കെന്‍സി നയിക്കുന്ന ഈ സ്ട്രീമര്‍മാര്‍ വംശീയതയെയും സര്‍ക്കാര്‍ വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവരാണ്.