ആണവോർജ്ജം മനുഷ്യരാശിയുടെ സുസ്ഥിതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രയോജനപ്പെടുത്തുക: പാപ്പാ
ആണവോർജ്ജം മനുഷ്യരാശിയുടെ സുസ്ഥിതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രയോജനപ്പെടുത്തണമെന്നു ചെർണോബിൽ ആണവദുരന്തത്തിന്റെ നാൽപ്പതാം വാർഷിക ദിനത്തിൽ പാപ്പാ ആഹ്വാനം ചെയ്തു. ഏപ്രിൽ മാസം ഇരുപത്തിയാറാം തീയതി, നടന്ന മധ്യാഹ്‌ന പ്രാർത്ഥനാവേളയിലാണ് പാപ്പാ ഇക്കാര്യം എടുത്തു പറഞ്ഞത്.
മനുഷ്യമനഃസാക്ഷിയിൽ വേദനയുടെ മായാത്ത മുദ്ര പതിപ്പിച്ച ഈ ആണവ ദുരന്തം, വർദ്ധിച്ചുവരുന്ന ശക്തമായ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ, അന്തർലീനമായ അപകടസാധ്യതകളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
"ഇരകളെയും ഇപ്പോഴും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവരെയും ദൈവത്തിന്റെ കരുണയിൽ ഭരമേൽപ്പിക്കാം" പാപ്പാ പറഞ്ഞു.
986 ഏപ്രിൽ 26 ന്, ഉക്രെയ്നിലെ കൈവിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന സോവിയറ്റ് നിയന്ത്രണത്തിലുള്ള ചെർണോബിൽ ആണവ നിലയത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. സുരക്ഷാ പരിശോധനയ്ക്കിടെ റിയാക്ടറിന്റെ രൂപകൽപ്പനയിലെ പിഴവുകളും ജീവനക്കാരുടെ അശ്രദ്ധയും മൂലം ഉണ്ടായതെന്ന് കരുതപ്പെടുന്ന ആണവറിയാക്ടറിലെ പൊട്ടിത്തെറിയും തീപിടുത്തവും മൂലം മുപ്പതോളം പേർ തത്ക്ഷണം മരണപെട്ടു. റേഡിയേഷൻ വിഷബാധ മൂലം തുടർന്നുള്ള വർഷങ്ങളിൽ 15,000 പേർ കൂടി മരിച്ചു. ആയിരക്കണക്കിന് ആളുകൾ വികിരണത്തെ തുടർന്ന് ക്യാൻസർ പോലുള്ള രോഗങ്ങൾക്കിരയായി; ഏകദേശം 3.5 ലക്ഷം ആളുകൾ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടു.
ആണവോർജ്ജത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലുമുള്ള തീരുമാനങ്ങളിൽ, വിവേചനവും ഉത്തരവാദിത്വവും ഉണ്ടാകണമെന്നും, സമാധാനത്തിനും മനുഷ്യരാശിയുടെ പുരോഗതിക്കും അവ കാരണമായിത്തീരട്ടെയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.