ഇനി സ്ത്രീകൾക്ക് ഹാപ്പി ജേർണി; 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി, 'പ്രിയദർശിനി' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. തലസ്ഥാനത്തെ സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. മന്ത്രിമാരായ സി.പി. ജോൺ, കെ.എ. തുളസി, ബിന്ദു കൃഷ്ണ, ഗതാഗത സെക്രട്ടറി ടി.വി. അനുപമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ ഒൻപത് മണി മുതൽ വനിതകൾക്ക് സീറോ ചാർജ് ടിക്കറ്റ് ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 3,125 ബസുകളിൽ ഈ സർവീസ് ലഭ്യമാകും. സൗജന്യ യാത്രയ്ക്കായുള്ള ചില നിർദേശങ്ങളും കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പങ്കുവച്ചിട്ടുണ്ട്.
ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യ യാത്ര. ഈ വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ് പദ്ധതി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇന്ദിരാ ഗ്യാരൻ്റി എന്ന പേരിൽ കോൺഗ്രസ് മുന്നോട്ട് വച്ച അഞ്ച് ഗ്യാരൻ്റികളിൽ ഒന്നായിരുന്നു സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി.