മർദ്ദനങ്ങൾക്ക് നടുവിലും വിശ്വാസം കൈവിടാതെ ഹൈറ്റിയിലെ കത്തോലിക്കർ
2025ല്‍ മാത്രം ഏകദേശം 5500 നു മുകളില്‍ ആളുകളുടെ ജീവന്‍ അപഹരിച്ച ഹൈറ്റിയില്‍ പതിനാലു ലക്ഷത്തിനു മുകളില്‍ ആളുകളാണ് സ്വന്തം വീടുകള്‍ ഉപേക്ഷിച്ചു പോകുവാന്‍ നിര്‍ബന്ധിതരായത്.
മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം എടുത്തു പറയുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ തലസ്ഥാനമായ പോര്‍ട്ട്-ഔ-പ്രിന്‍സിന് അപ്പുറത്തേക്ക് ക്രിമിനല്‍ സംഘങ്ങള്‍ വ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാമ്പത്തികമായ ചൂഷണം ലൈംഗീക അതിക്രമം എന്നിവ വ്യാപകമായി ഹൈറ്റിയില്‍ തുടരുകയാണ്. കുറഞ്ഞത് 1571 സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരകളായെന്നും റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള ആളുകളുമായി ക്രിമിനല്‍ സംഘങ്ങളിലെ അംഗങ്ങള്‍ പ്രണയ ബന്ധങ്ങള്‍ നടിച്ച് ദീര്‍ഘകാല ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ട് പുറത്തുവിട്ടു.
നാശത്തിന്റെയും അക്രമത്തിന്റെയും ഈ സാഹചര്യത്തില്‍ ജെറീമിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള പൗര്‍സിന്‍ പിക്-മകായ എന്ന ചെറിയ കത്തോലിക്കാ സമൂഹം എന്നാല്‍ സഹോദര ഐക്യത്തിന്റെ മാതൃകയായി മാറുകയാണ്.
സകലത്തെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് സമാധാനത്തിന്റെ ആശ്വാസം ഏവര്‍ക്കും പകര്‍ന്നു നല്‍കുവാന്‍ ഈ സമൂഹം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
മെലിസ ചുഴലിക്കാറ്റ് നാശം വിതച്ച ഉപജീവന മാര്‍ഗങ്ങളില്‍ ആളുകളെ തിരികെ എത്തിക്കുവാനും അപ്രകാരം മാനുഷിക അന്തസ്സ് തിരികെ നല്‍കുവാനും കത്തോലിക്കാ സഭാ അംഗങ്ങള്‍ ഏവരെയും പ്രോത്സാഹിപ്പിക്കുകയും മൂര്‍ത്തമായ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊടുക്കുകയും ചെയ്യുന്നു.