ദുരിതമനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളെ സഹായിക്കാൻ ലോക നേതാക്കളോട് അഭ്യർഥിച്ച് ഹെയ്തിയൻ ബിഷപ്പ്

 
Yu

കൂട്ട അക്രമം, വ്യാപകമായ ദാരിദ്ര്യം, അഭൂതപൂർവമായ സ്ഥാപനപരവും രാഷ്ട്രീയവുമായ പ്രതിസന്ധി എന്നിവയ്ക്കിടയിൽ, ആൻസെ-എ-വ്യൂ-മിറാഗോയ്ൻ രൂപതയിലെ ബിഷപ്പും രാഷ്ട്രത്തിന്റെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ വൈസ് പ്രസിഡന്റുമായ ബിഷപ്പ് പിയറി-ആൻഡ്രെ ഡുമാസ്, രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഹെയ്തിയുടെ പ്രത്യാശ പ്രാർഥനയിലാണെന്ന് അൻസെ-എ-വ്യൂ-മിറാഗോയ്ൻ രൂപതയിലെ ബിഷപ്പ് പിയറി-ആൻഡ്രെ പറഞ്ഞു.

“ആരാലും ശ്രദ്ധിക്കപ്പെടാതെ നമ്മുടെ ജനങ്ങൾ വർഷങ്ങളായി കഷ്ടപ്പെടുന്നു. അതുകൊണ്ടാണ് പ്രാർഥനയിലൂടെ ഹെയ്തിയോടുള്ള മൂർത്തമായ ഐക്യദാർഢ്യം വീണ്ടും കണ്ടെത്താൻ ലോകത്തെ സഹായിക്കേണ്ടത്. ലോകമെമ്പാടുമുള്ള പ്രാർഥനാ ദിനത്തിനായി വ്യക്തികൾ, ഇടവകകൾ, സ്ഥാപനങ്ങൾ, കുടുംബങ്ങൾ, മതസമൂഹങ്ങൾ എന്നിവ ഒത്തുചേരുന്നത് കാണുന്നത് വളരെ മനോഹരമായിരിക്കും.” ബിഷപ്പ് കൂട്ടിച്ചേർത്തു.


വർഷങ്ങളായി, പ്രാദേശിക സഭ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചുകൊണ്ടിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. ബിഷപ്പിന്റെ അഭിപ്രായത്തിൽ, എല്ലാ ദിവസവും ഡസൻ കണക്കിന് ജീവൻ അപഹരിക്കുന്ന കൂട്ട അക്രമം, കടുത്ത ദാരിദ്ര്യം, അനീതിയും അസമത്വവും സൃഷ്ടിക്കുന്ന വിട്ടുമാറാത്ത രാഷ്ട്രീയ അസ്ഥിരത എന്നിവ ഹെയ്തിയിൽ വ്യാപകമാണ്.

വർഷങ്ങളായി തുടരുന്ന ഹെയ്തിയൻ ജനതയുടെ ദുരിതത്തെക്കുറിച്ച് ലോക നേതാക്കൾക്ക് നന്നായി അറിയാമെന്ന് അദ്ദേഹം പറയുന്നു. തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിന്റെ ഭൂരിഭാഗവും ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായി, അവ പലപ്പോഴും കത്തിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു. കുട്ടികളും യുവാക്കളും സ്ഥിരമായ അരക്ഷിതാവസ്ഥയുടെ അന്തരീക്ഷത്തിൽ ആഘാതമനുഭവിക്കുന്നു.

ഹെയ്തിയിൽ മാനുഷിക പ്രതിസന്ധിയും വ്യാപകമാണ്. അഞ്ച് ദശലക്ഷത്തിലധികം ആളുകൾ പട്ടിണി മൂലം മരിക്കാനുള്ള സാധ്യതയുണ്ട്. ചില ആശുപത്രികൾ ഗുണ്ടാസംഘങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നതിനാലും, നിരവധി സ്കൂളുകൾ അടച്ചുപൂട്ടപ്പെട്ടതിനാലും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ടതിനാലും ജനസംഖ്യയിൽ ഭൂരിഭാഗത്തിനും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമല്ല.

Tags

Share this story

From Around the Web