ഹീമോഫീലിയ ചികിത്സാരംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി 'ഹീമോഫീലിയ 2026 - ബിലീവേഴ്സ് സിമ്പോസിയം'; രോഗികളും വിദഗ്ധരും ഒരേ വേദിയിൽ
തിരുവല്ല: ഹീമോഫീലിയയും മറ്റ് അപൂർവ രക്തസ്രാവ രോഗങ്ങളും ബാധിച്ചവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സമഗ്ര ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ (ബി.സി.എം.സി.എച്ച്) ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം അമേരിക്കയിലെ ഡിട്രോയിറ്റിലുള്ള ഹെൻറി ഫോർഡ് ഹെൽത്തുമായി സഹകരിച്ച് 'ഹീമോഫീലിയ 2026 - ബിലീവേഴ്സ് സിമ്പോസിയം ഓൺ ഹീമോഫീലിയ' സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ പ്രമുഖ ഹെമറ്റോളജിസ്റ്റുകൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സ്പെഷ്യലിസ്റ്റുകൾ എന്നിവരെയും രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി. കേരളത്തിലെ ഹീമോഫീലിയ പരിചരണ രംഗത്തെ നൂതന മുന്നേറ്റങ്ങളും വെല്ലുവിളികളും സാധ്യതകളും സിമ്പോസിയത്തിൽ വിശദമായി ചർച്ച ചെയ്തു.
സംസ്ഥാനത്തെ ഹീമോഫീലിയ പരിചരണ രംഗത്തെ വിടവുകൾ നികത്തുന്നതിനെക്കുറിച്ച് നടന്ന സുപ്രധാന പാനൽ ചർച്ചയിൽ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ജോയ് ജോൺ, ആശാധാര പ്രോഗ്രാം ടെക്നിക്കൽ കമ്മിറ്റി അംഗം ഡോ. ഹിത ബി., കോട്ടയം നോഡൽ ഓഫീസർ ഡോ. അതുല്യ ജി. അശോകൻ, അമേരിക്കയിലെ ഹെൻറി ഫോർഡ് ഹെൽത്ത് ഹീമോഫീലിയ ആൻഡ് ത്രോംബോസിസ് ട്രീറ്റ്മെന്റ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. ഫിലിപ്പ് കുര്യാക്കോസ് എന്നിവർ മുഖ്യപങ്കാളിത്തം വഹിച്ചു.
രോഗനിർണ്ണയം, ചികിത്സ, പുനരധിവാസം എന്നിവയിൽ സംസ്ഥാനത്തുടനീളം കൂടുതൽ ഏകോപനവും മികച്ച സൗകര്യങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഈ ചർച്ചയിൽ ഊന്നിപ്പറഞ്ഞു.
രോഗികളുടെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ചുകൊണ്ട് നടന്ന മറ്റൊരു പാനൽ ചർച്ചയിൽ ഹീമോഫീലിയ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും മുൻ റീജിയണൽ കൗൺസിൽ ചെയർമാനുമായ ജിമ്മി മാനുവൽ, പത്തനംതിട്ട ഹീമോഫീലിയ സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ബ്രൂസ് വർഗീസ് എന്നിവരും അവരുടെ കുടുംബാംഗങ്ങളും സംസാരിച്ചു.
സമയബന്ധിതമായ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം രോഗികൾക്ക് കൃത്യമായ ബോധവത്കരണവും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും മാനസിക പിന്തുണയും അനിവാര്യമാണെന്ന് ഈ സെഷൻ വ്യക്തമാക്കി. ബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി വിഭാഗമായ 'രക്തം' (RACTHAM) പ്രോഗ്രാം ഡയറക്ടറും പ്രൊഫസറുമായ ഡോ. ചെപ്സി സി. ഫിലിപ്പ് രണ്ട് പാനൽ ചർച്ചകളും നയിച്ചു.
ഫാക്ടർ റീപ്ലേസ്മെന്റ് ചികിത്സയ്ക്കപ്പുറം ലബോറട്ടറി രോഗനിർണ്ണയം, ഓർത്തോപീഡിക് പരിചരണം, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര ബഹുമുഖ ചികിത്സാ രീതിയാണ് ഹീമോഫീലിയ രോഗികൾക്ക് ആവശ്യമെന്ന് സിമ്പോസിയത്തിലെ ശാസ്ത്രീയ സെഷനുകൾ ചൂണ്ടിക്കാട്ടി.
ഡോ. ഫിലിപ്പ് കുര്യാക്കോസ്, ഡോ. ഹിത ബി., ബിലീവേഴ്സ് ആശുപത്രി ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. വിനു മാത്യു ചെറിയാൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. ആൻ മേരി ജോൺ, പത്തോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബോണി അന്ന ജോർജ്, കാരിത്താസ് ആശുപത്രിയിലെ ഡോ. പ്രിയങ്ക സൂസൻ സഖറിയ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ടോമി ഫിലിപ്പ്, പ്രൊഫസർ എമെരിറ്റസ് ഡോ. ആർ. എൻ. ശർമ്മ, ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ ഡോ. ഷീല ദാസ്, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെ ഡോ. സായ് സതീഷ് എസ്., കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ ഡോ. രേഷ്മ ബെൻസൺ, കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. വന്ദന ജി. ഹരി എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ മിഷൻസ് ഡയറക്ടർ റവ. ഫാ. ഡോ. ഡാനിയൽ ജോൺസൺ, ഓർത്തോപീഡിക്സ് ആൻഡ് ട്രോമാറ്റോളജി വിഭാഗം പ്രൊഫസർ ഡോ. ജോജി ജോഷ്വ ഫിലിപ്പോസ്, സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെയ്ക്കോ പൗലോസ് എന്നിവരും സന്നിഹിതരായിരുന്നു. കേരള സർക്കാരിന്റെ 'ആശാധാര' പോലുള്ള മാതൃകാപരമായ പദ്ധതികൾക്കൊപ്പം കൈകോർത്തുകൊണ്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള രോഗീ സൗഹൃദ ഹീമോഫീലിയ പരിചരണം സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിനുള്ള ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രതിജ്ഞാബദ്ധമാണെന്ന് സിമ്പോസിയം വ്യക്തമാക്കി.