ബീച്ചില്‍ ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ ജിപ്‌സി മറിഞ്ഞു; 14 വയസുകാരന് ദാരുണാന്ത്യം
തൃശൂര്‍: തൃശൂരില്‍ ജിപ്‌സി മറിഞ്ഞ് 14 വയസുകാരന് ദാരുണാന്ത്യം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സിനാനാണ് ചെന്ത്രാപ്പിന്നി ചാമക്കാല കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ചാമക്കാല രാജീവ് റോഡില്‍ പള്ളിത്തറവീട്ടില്‍ ഫൈസലിന്റെ മകന്‍ ആണ്.
ഇന്നലെ വൈകീട്ട് ആറരയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചില്‍ വെച്ചാണ് സംഭവം. കൂട്ടുകാരനുമൊത്താണ് സിനാന്‍ കടപ്പുറത്ത് എത്തിയത്.
ഈ സമയത്ത് പരിചയമുള്ള ഒരാള്‍ കടപ്പുറത്ത് ജിപ്‌സി ഓടിക്കുന്നത് കണ്ട് വാഹനത്തില്‍ കയറി. ഓട്ടത്തിനിടെ ജിപ്‌സിയുടെ നിയന്ത്രണം നഷ്ടമാവുകയും മറിയുകയും ആയിരുന്നു.
തെറിച്ചു വീണ സിനാന്‍ വാഹനത്തിനടിയില്‍ കുടുങ്ങി. ഉടന്‍ തന്നെ പുറത്തെടുത്ത് ഇതേ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും അപകടത്തില്‍ നിസാര പരുക്കുണ്ട്. ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സിനാന്‍.
അതേസമയം ദേശീയപാതയില്‍ കോഴിക്കോട് വടകര പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു.
സ്‌കൂട്ടര്‍ യാത്രിക്കാര്‍ക്കാണ് പരുക്കേറ്റത്. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന മൊഹബത്ത് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.