ഗുരുപൂജ മണ്ണിൻ്റെയും രാജ്യത്തിൻ്റെയും സംസ്കാരം"; സ്‌കൂളുകളിലെ പാദപൂജയെ ന്യായീകരിച്ച് ഗവർണർ
നമ്മുടെ സംസ്കാരത്തെ മറക്കുന്നത് ആത്മാവിനെ മറക്കുന്നതിന് തുല്യമാണെന്ന് ഗവർണർ
Updated: Jul 13, 2025, 14:03 IST

സ്‌കൂളുകളിൽ ഗുരുപൂജ നടത്തിയതിനെ ന്യായീകരിച്ച് കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. ഗുരുപൂജ നമ്മുടെ സംസ്കാരമാണെന്നും അതിനെ എതിർക്കുന്നവർ ഏത് സംസ്കാരത്തിൽ നിന്നാണ് വരുന്നതെന്നും ഗവർണർ ചോദിച്ചു.
ഈ മണ്ണിൻ്റെയും രാജ്യത്തിൻ്റെയും സംസ്കാരമാണത്. നമ്മുടെ സംസ്കാരത്തെ മറക്കുന്നത് ആത്മാവിനെ മറക്കുന്നതിന് തുല്യമാണെന്നും ഗവർണർ പറഞ്ഞു. നമ്മുടെ കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. എന്തെന്നു വെച്ചാൽ ശരിയായ സംസ്കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവർണർ വ്യക്തമാക്കി. ബാലഗോകുലം അമ്പതാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഗവർണർ. മലയാളത്തിലാണ് ഗവർണർ വേദിയെ അഭിസംബോധന ചെയ്തത്. ബാലഗോകുലം സംസ്ഥാനത്ത് വടവൃക്ഷമായി മാറിയെന്നും മുൻകാല പ്രവർത്തകരുടെ കഠിനാധ്വാനം മൂലമാണിതെന്നും ഗവർണർ ഓർമപ്പെടുത്തി.