ഗൺമാൻമാർക്ക് വീഴ്ച സംഭവിച്ചു, ലാത്തി ഉപയോഗിച്ച് തലക്കടിച്ചതും തെറ്റെന്ന് എസ്ഐടി

 
gunman sit

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവ കേരള യാത്രക്കിടെ പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ ഗൺമാൻമാരുടെ വീഴ്ച സ്ഥിരീകരിച്ച് എസ്ഐടി. മർദനം ചട്ട വിരുദ്ധ നടപടിയാണെന്ന് സംഘം കണ്ടെത്തി. ഈ വിഷയത്തിൽ ഗൺമാൻമാർ ഇടപെടേണ്ട ആവശ്യമില്ലായിരുന്നു.

ലാത്തി ഉപയോഗിച്ച് പ്രവർത്തകരുടെ തലക്കടിച്ചതും തെറ്റാണ്. ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം വീണ്ടും പരിശോധിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഗൺമാന്മാർക്ക് വീഴ്ച സംഭവിച്ചുവെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. രണ്ടല്ല, നാല് ഗൺമാൻമാർ വരെ മർദനത്തിൽ പങ്കെടുത്തു.

സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പൊലീസുകാരുടെയും മൊഴിയെടുക്കാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. പുനരന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. 2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിനു കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്.

വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഗണ്‍മാന്‍മാര്‍ കരിങ്കൊടി കാണിച്ചവരെ ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. നടപടിയെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷണം നടത്തിയെങ്കിലും, ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങളിലും ദൃശ്യങ്ങളിലും ആരോപണങ്ങളെ സാധൂരിക്കുന്ന തെളിവുകള്‍ ഇല്ലായിരുന്നു.

എന്നാല്‍, മാധ്യമങ്ങളില്‍ വന്നതുള്‍പ്പെടെ ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കിയതോടെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നിട്ടും അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

Tags

Share this story

From Around the Web