കേരളത്തിലേക്കടക്കം സർവീസുകൾ പുനരാരംഭിച്ച് ഗൾഫ് എയർ

 
ഗൾഫ് Ir

ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. മനാമയിലെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളാണ് ആരംഭിച്ചത്. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും ഇതോടൊപ്പം നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി എന്നിവയ്ക്ക് പുറമെ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും ഗൾഫ് എയർ നേരിട്ട് സർവീസ് നടത്തും. ദുബായ്, ജിദ്ദ, റിയാദ്, ലണ്ടൻ ഹീത്രൂ, നെയ്‌റോബി, ധാക്ക, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളാണ് സർവീസ് പുനരാരംഭിച്ച മറ്റ് പ്രധാന കേന്ദ്രങ്ങൾ. അതേസമയം, സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് എയർ സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് താഖി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകിയ ബഹ്റൈൻ ഭരണനേതൃത്വത്തിനും ഗതാഗത-ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഉൾപ്പെടെയുള്ള വിവിധ സർക്കാർ വിഭാഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ദമ്മാമിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിച്ച സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയോടും അദ്ദേഹം കടപ്പാട് രേഖപ്പെടുത്തി.

മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വ്യോമാതിർത്തിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിമാന സമയക്രമത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുമെന്നും എയർലൈൻ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ അറിയിച്ചു. വിമാന സമയത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്ര തിരിക്കുന്നതിന് മുൻപ് വെബ്സൈറ്റ് (gulfair.com) വഴിയോ മൊബൈൽ ആപ്പ് വഴിയോ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ബുക്കിങ് സമയത്ത് നൽകിയിട്ടുള്ള കോൺടാക്ട് വിവരങ്ങൾ വഴി യാത്രക്കാർക്ക് ആവശ്യമായ അപ്ഡേറ്റുകൾ നേരിട്ടും ലഭ്യമാക്കും.

Tags

Share this story

From Around the Web