ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുടമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമെനിസി പിസ്‌കറ്റെല്ല 113-ാം ജന്മദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുടമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമെനിസി പിസ്‌കറ്റെല്ല 113-ാം ജന്മദിനം ആഘോഷിച്ചു. ‘ദൈവത്തെ ആസ്വദിക്കുക’ എന്ന ലളിതമായ ഉപദേശമാണ് 1913 ഏപ്രില്‍ 20-ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ ജനിച്ച സിസ്റ്റര്‍ അടുത്തിടെ നല്‍കിയത്. ‘എന്റെ മനസ്സ് മുഴുവന്‍ ദൈവത്തിലാണ്, അവിടുന്നാണ് ഇത്രയും കാലം എന്നെ നയിച്ചത്’ എന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഡൊമിനിക്ക് ഓഫ് അമുറ്റിവില്‍ സഭാംഗമായ സിസ്റ്റര്‍ ഫ്രാന്‍സിസ് പറഞ്ഞു.
രണ്ടാം വയസ്സില്‍ ഉണ്ടായ ഒരപകടത്തില്‍ പിസ്‌കറ്റെല്ലയുടെ ഇടതുകൈയുടെ പകുതി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈ ശാരീരിക പരിമിതി തന്റെ സ്വപ്‌നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ തടസമാകാന്‍ ഫ്രാന്‍സിസ് അനുവദിച്ചില്ല. ‘ഒറ്റക്കൈയുള്ളത് ഒന്നിനും ഒരു തടസമല്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. സഹായം സ്വീകരിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ സഹായിക്കാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടത്,’ സിസ്റ്റര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
എപ്പോഴും ദൈവാലയത്തിലേക്ക് ഓടിപ്പോയി അവിടെ പ്രാര്‍ത്ഥനയില്‍ ചിലവഴിക്കാനാണ് ഫ്രാന്‍സിസ് ഇഷ്ടപ്പെട്ടിരുന്നത്.
17-ാം വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ അംഗമായി. നീണ്ട 52 വര്‍ഷം അധ്യാപികയായി സേവനമനുഷ്ഠിച്ചു.
ന്യൂയോര്‍ക്കിലെ റോക്ക്‌വില്ല സെന്ററിലുള്ള മോല്ലോയ് കോളേജില്‍ ജ്യോമട്രി പഠിപ്പിച്ചിരുന്ന കാലത്ത്, തന്റെ വലതുകൈ കൊണ്ട് ബ്ലാക്ക് ബോര്‍ഡില്‍ മനോഹമരമായി വൃത്തങ്ങള്‍ വരയ്ക്കുമായിരുന്നുവെന്ന് സിസ്റ്റര്‍ ഓര്‍മിക്കുന്നു.
രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും നിരവധി മഹാമാരികള്‍ക്കും സാക്ഷ്യം വഹിച്ച സിസ്റ്റര്‍ ഫ്രാന്‍സിസ് 10 മാര്‍പാപ്പമാരുടെയും, 20 അമേരിക്കന്‍ പ്രസിഡന്റുമാരുടെയും കാലഘട്ടത്തില്‍ ജീവിച്ചു.
110-ാം വയസുവരെ അത്യാവശ്യ ജോലികള്‍ ചെയ്യുവാനും ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കുവാനും സിസ്റ്റര്‍ ഫ്രാന്‍സിസിന് സാധിച്ചിരുന്നു.
113-ാം വയസിലും സംതൃപ്തിയുടെയും നന്ദിയുടെയും മനോഭാവം കാത്ത് സൂക്ഷിക്കുന്ന ഈ സന്യാസിനി ഏത് പ്രതിസന്ധികള്‍ക്ക് നടുവിലും ദൈവത്തിന്റെ പരിപാലന ആസ്വാദിച്ച് മുന്നേറാന്‍ നമ്മെയും പ്രചോദിപ്പിക്കുന്നു.