ഗ്വാദലൂപ്പ ജൂബിലി വര്‍ഷത്തിന് തുടക്കം: സുവിശേഷവല്‍ക്കരണ ദൗത്യം ജീവിതത്തില്‍ ഉള്‍ക്കൊള്ളുവാന്‍ പാപ്പായുടെ ആഹ്വാനം
മെക്‌സിക്കോയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ, ഗ്വാദലൂപ്പ മാതാവിന്റെ ബസിലിക്ക പുതുക്കി പണിതതിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമന്‍ പാപ്പാ, തന്റെ സന്ദേശം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.
പാപ്പായുടെ സന്ദേശം, ഒക്ടോബര്‍ 12 തിങ്കളാഴ്ച ഗ്വാദലൂപ്പിയന്‍ ജൂബിലി വര്‍ഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ബസിലിക്കയില്‍ നടത്തിയ ദിവ്യബലി മദ്ധ്യേ വായിച്ചു. തദവസരത്തില്‍, പാപ്പായുടെ ആരോഗ്യത്തിനായും പ്രത്യേക പ്രാര്‍ത്ഥന നടത്തി.
മെക്‌സിക്കോ സിറ്റി ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ കാര്‍ലോസ് അഗ്വിയര്‍ റീറ്റ്‌സിനു അയച്ച സന്ദേശത്തില്‍, മെക്‌സിക്കോയുടെ ചരിത്രവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ക്രിസ്തീയ പാരമ്പര്യത്തെ നന്ദിയോടെ സ്മരിക്കാനും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയില്‍ ഒന്നിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.
ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനൊപ്പം സുവിശേഷവല്‍ക്കരണ ദൗത്യവും പ്രാര്‍ത്ഥനാജീവിതവും കൂടുതല്‍ ശക്തമാക്കണമെന്നും പാപ്പാ എടുത്തുപറഞ്ഞു.
പരിശുദ്ധ അമ്മ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുമെന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ കര്‍ദിനാള്‍ കാര്‍ലോസ് തന്റെ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
1976 ഒക്ടോബര്‍ 12-നാണ് നവ ഗ്വാദലൂപ്പ ബസിലിക്കയുടെ പ്രതിഷ്ഠയും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പുതിയ ദൈവാലയത്തിലേക്ക് മാറ്റുന്ന ചടങ്ങും നടന്നത്. കൂടാതെ ഒക്ടോബര്‍ 12 ഗ്വാദലൂപ്പ മാതാവിന്റെ മകുടധാരണത്തിന്റെ 131-ാം വാര്‍ഷികം കൂടിയാണ്.
പരിശുദ്ധ സിംഹാസനം അനുവദിച്ച ഈ ജൂബിലി വര്‍ഷം 2027 ഒക്ടോബര്‍ 12 വരെ നീണ്ടുനില്‍ക്കും.
ഈ കാലയളവില്‍ ദൈവാലയം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കും, കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം, വിശ്വാസപ്രമാണം, പാപ്പയുടെ നിയോഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന എന്നീ സാധാരണ വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.