മദ്ധ്യപൂർവ്വദേശങ്ങളിൽ ശത്രുത വളരുന്നത് കുട്ടികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും: യൂണിസെഫ്

 
Unic f

മദ്ധ്യപൂർവ്വദേശങ്ങളിൽ നിലനിൽക്കുന്ന ശത്രുതയും സംഘർഷങ്ങളും, ഇപ്പോൾത്തന്നെ ദുരിതപൂർണ്ണമായ കുട്ടികളുടെ ജീവിതത്തെ കൂടുതൽ ഗുരുതരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിലവിലെ സംഘർഷങ്ങൾ ഈ പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിതത്തെ ഏറെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നതെന്ന് ഏപ്രിൽ 8 ബുധനാനഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെയാണ് സംഘടന അറിയിച്ചത്.

ലഭ്യമായ കണക്കുകൾ പ്രകാരം ഇറാനിൽ ഇതിനോടകം വിവിധ ആക്രമണങ്ങളിലായി 442-ലധികം ആരോഗ്യപരിപാലനകേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും, ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ ഒരു കോടിയോളം ആളുകൾക്ക് ഇതുമൂലം അടിസ്ഥാന ആരോഗ്യസഹായം പോലും തടസ്സപ്പെടുന്നുണ്ടെന്നും ഈ ഐക്യരാഷ്ട്രസഭാസംഘടന വിശദീകരിച്ചു. കടുത്ത സമ്മർദ്ധത്തിനാണ് ആരോഗ്യപരിപാലനമേഖല വിധേയമാകുന്നതെന്നും ശിശുക്ഷേമനിധി തങ്ങളുടെ പ്രസ്താവനയിൽ എഴുതി.

ഇസ്രായേൽ, പാലസ്തീന, ഇറാൻ തുടങ്ങി വിവിധ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള സംഘർഷങ്ങളുടെ ഭാഗമായി ഇറാനിൽ ഏതാണ്ട് 760 സ്‌കൂളുകളെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും പലതും ഭാഗികമായി തകർന്നുവെന്നും ശിശുക്ഷേമനിധി അറിയിച്ചു. ഇറാനിലേതുൾപ്പെടെയുള്ള കുട്ടികൾ വലിയ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്നും, ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും യൂണിസെഫ് വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ മനുഷ്യജീവിതവും, കുട്ടികൾ കൂടി ആശ്രയിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളും തകർക്കുകയാണെന്ന് ശിശുക്ഷേമനിധി അറിയിച്ചു. നിരവധി സ്‌കൂളുകളൂം ജലസേചനസൗകര്യങ്ങളും ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും, ഇറാന് പുറമെ, ബഹ്‌റൈൻ, ഇസ്രായേൽ, ജ്യോർദ്ദാൻ, കുവൈറ്റ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, അനേകം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന വിശദീകരിച്ചു.

പൊതുമേഖലാസ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്രനിയമങ്ങൾക്ക് എതിരാണെന്ന് ഓർമ്മിപ്പിച്ച ശിശുക്ഷേമനിധി, പ്രദേശത്തെങ്ങും ശത്രുത ഇല്ലാതാകണമെന്നും, അന്താരാഷ്ട്രമാനവിക നിയമപ്രകാരമുള്ള ഉത്തരവാദിത്വങ്ങൾ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web