ഏവരും ഒരേ കുടുംബത്തിലെ അംഗങ്ങൾ ആണെന്നുള്ള ബോധ്യത്തിൽ വളരണം: പാപ്പാ
വളരെയധികം യാതനകൾ അനുഭവിച്ച ഒരു ദേശം എന്ന നിലയിൽ, ബമേണ്ടയിലെ ആളുകൾക്കൊപ്പം ആയിരിക്കുന്നതിൽ തനിക്കുള്ള സന്തോഷം എടുത്തുപറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സഹനങ്ങളുടെ അനുഭവങ്ങൾ, ദൈവം നമ്മെ ഒരിക്കലും, നമ്മെ ഉപേക്ഷിക്കുന്നില്ല എന്ന സത്യം ജനതയിൽ ഊട്ടിയുറപ്പിച്ചതും പാപ്പാ എടുത്തു പറഞ്ഞു.
ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും, അന്നാട്ടിലെ ജനങ്ങൾ നന്മയുടെയും, സമാധാനത്തിന്റെയും പാതയിൽ തുടരുന്നത്, ക്രിസ്ത്യൻ- മുസ്ളീം സാഹോദര്യം കൂടുതൽ ഊട്ടിയുറപ്പിച്ചുവെന്നും, അതിനാൽ, ആ ജനതയുടെ ജീവിത സാക്ഷ്യങ്ങൾ, സമാധാനം വിളംബരം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
ഇത് ലോകത്തിന്റെ മറ്റു ഇടങ്ങളിലും സംജാതമാകുവാൻ പാപ്പായ്ക്കുള്ള ആഗ്രഹവും എടുത്തുപറഞ്ഞു. സ്വന്തം സൈനിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെയും ദൈവനാമത്തെയും ഉപയോഗിക്കുന്നതും, പവിത്രമായതിനെ, അന്ധകാരത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നത് ഏറെ കഷ്ടമാണെന്നും പാപ്പാ അടിവരയിട്ടു.
അതിനാൽ ബമേണ്ട എന്ന നാട് ഏവർക്കും രുചി പകരുന്ന ലവണമായിരിക്കുവാൻ പാപ്പാ ആശംസിച്ചു. വേദനയുടെ നിമിഷങ്ങളിൽ ജനതയെ ഒരുമിച്ചുകൊണ്ടുവന്ന പങ്കുവയ്ക്കുന്ന അനുഭവങ്ങളെ വിലമതിക്കണമെന്നും, സഹോദരന്റെ മുറിവുകളിൽ ഒഴിക്കുന്ന എണ്ണ പോലെയായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
ആക്രമണങ്ങളിൽ ഭയചകിതരായിരിക്കുന്നവർക്ക് ആശ്വാസം പകരുന്ന സേവനം ചെയ്യുന്നവർക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. യുദ്ധം ഏതെങ്കിലും ഒരു കാര്യം നശിപ്പിക്കുന്നതിന് വളരെ കുറഞ്ഞ സമയം മാത്രമാണ് എടുക്കുന്നതെന്നും, എന്നാൽ നശിപ്പിക്കപ്പെട്ട ഒരു കാര്യം പുനർനിർമ്മിക്കുന്നതിന്, ചിലപ്പോൾ ഒരു ജീവിതകാലം മുഴുവൻ തികയാതെ വരുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കൊല്ലുന്നതിനും, നശിപ്പിക്കുന്നതിനുമായി കോടിക്കണക്കിനു പണമാണ് ചിലവഴിക്കുന്നതെന്നും അതേസമയം, സുഖപ്പെടുത്തുന്നതിനും, വിദ്യാഭ്യാസത്തിനും, പുനഃസ്ഥാപനത്തിനും ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുവാൻ അവർ തയ്യാറാകുന്നില്ലെന്നും പാപ്പാ പറഞ്ഞു.
കാമറൂണിന്റെ വിഭവങ്ങൾ കവർന്നെടുക്കുന്നവർ ലാഭത്തിന്റെ ബഹുഭൂരിഭാഗവും ചിലവഴിക്കുന്നത് ആയുധവിപണിയിൽ ആണെന്നുള്ള സത്യവും പാപ്പാ ചൂണ്ടിക്കാട്ടി. അപ്രകാരം, അസ്ഥിരതയുടെയും, മരണത്തിന്റെയും ഒരിക്കലൂം അവസാനിക്കാത്ത ചക്രങ്ങൾ അവർ തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യം, ദൈവത്തിന്റെ സൃഷ്ടിയോടുള്ള ചൂഷണമാണെന്നും അടിവരയിട്ട പാപ്പാ, ഇക്കാര്യത്തിൽ നിർണ്ണായകമായ ഒരു മാറ്റം കൊണ്ടുവരണമെന്നും, എല്ലാത്തരം അക്രമങ്ങളും അപലപിക്കപ്പെടുകയും, നിരസിക്കപ്പെടുകയും വേണമെന്നും ഓർമ്മിപ്പിച്ചു. ഇത് ഏവരെയും, മനുഷ്യ സാഹോദര്യത്താൽ സമ്പന്നമായ ഒരു സുസ്ഥിര പാതയിലേക്ക് നയിക്കുമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സ്വേച്ഛാധിപതികളാൽ ലോകം നശിപ്പിക്കപ്പെടുന്നുവെങ്കിലും, ഒരുകൂട്ടം സഹോദരീ സഹോദരന്മാർ അതിനെ ഒരുമിച്ചു നിർത്തുന്നുവെന്നും പാപ്പാ പറഞ്ഞു. "സമാധാനം എന്നത് നാം കണ്ടുപിടിക്കേണ്ട ഒന്നല്ല: നമ്മുടെ അയൽക്കാരനെ നമ്മുടെ സഹോദരനായും, സഹോദരിയായും അംഗീകരിച്ച് നാം സ്വീകരിക്കേണ്ട ഒന്നാണ്", പാപ്പാ പറഞ്ഞു.
അതിനാൽ ഏവരും ഒരേ കുടുംബത്തിലെ അംഗങ്ങൾ ആണെന്നുള്ള ബോധ്യത്തിൽ വളരുവാൻ പാപ്പാ ആഹ്വാനം ചെയ്തു. ജനങ്ങളുടെ കൂടെ ആയിരിക്കുക എന്നത്, സ്വത്വം മറക്കാതെ തന്നെ, ഒരുവന്റെ അസ്തിത്വത്തിൽ നിന്നും അടർത്തിയെടുക്കുവാൻ സാധികാത്ത, ദൗത്യമാണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ അടിവരയിട്ടു. അതിനാൽ ഒരുമിച്ചു സമാധാനത്തിനായി വർത്തിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
"ധൈര്യം നഷ്ടപ്പെടാതെ, എല്ലാറ്റിനുമുപരിയായി, ഒരുമിച്ച്, എപ്പോഴും ഒരുമിച്ച് മുന്നോട്ട് പോകാം!", പാപ്പാ ആശംസിച്ചു. സമാധാനം അന്വേഷിച്ചുകൊണ്ട് സ്നേഹത്തിൽ ഒരുമിച്ചു നടക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.