പത്തനംതിട്ടയില്‍ വീണ്ടും കല്ലറ മോഷണം; ആനിക്കാട് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നിന്ന് ഗ്രാനൈറ്റ് കടത്തി
പത്തനംതിട്ട: ജില്ലയിലെ പള്ളി സെമിത്തേരിയില്‍ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബുകള്‍ വീണ്ടും മോഷണം പോയി. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയിലാണ് പുതിയ മോഷണം നടന്നത്.
സംഭവത്തില്‍ പള്ളി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. മല്ലപ്പള്ളി മേഖലയിലെ സെമിത്തേരികളില്‍ മുമ്പ് നടന്ന മോഷണങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇവിടെ നിന്നും ഗ്രാനൈറ്റ് കടത്തിയിരിക്കുന്നത്.
കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത് മൂന്നാം തവണയാണ് കല്ലറകളില്‍ നിന്ന് ഗ്രാനൈറ്റ് മോഷണം പോകുന്നത്. മുമ്പ് നടന്ന കേസുകളില്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഗ്രാനൈറ്റ് പണികള്‍ കൃത്യമായി അറിയുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് സംശയം. കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികള്‍ക്ക് കേടുപാടുകള്‍ വരുത്താതെയാണ് ഇവര്‍ വേര്‍പെടുത്തിക്കൊണ്ടുപോകുന്നത്.
ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകള്‍ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാന്‍ കഴിയില്ലെന്നതിനാല്‍ മോഷണത്തിന് പിന്നില്‍ വന്‍ സംഘം തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
സി.സി.ടി.വി. ക്യാമറകള്‍ ഇല്ലാത്ത സെമിത്തേരി പരിസരത്തിലൂടെ കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ചും കല്ലറ നിര്‍മാണ കരാറുകാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.