ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പണം നല്‍കിയില്ല,കഠിനംകുളത്ത് അമ്മൂമ്മയെ ചെറുമകന്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

 
police

കഠിനംകുളം: ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് 65-കാരിയായ അമ്മൂമ്മയെ ചെറുമകന്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്. 

കഠിനംകുളം ചാന്നാങ്കരയില്‍ നടന്ന സംഭവത്തില്‍ വെട്ടുത്തുറ പുതുവല്‍ പുരയിടത്തില്‍ ഷിബിനെ (24) റിമാന്‍ഡ് ചെയ്തു. മര്‍ദനമേറ്റ് കൊല്ലപ്പെട്ടത് വെട്ടുത്തുറ സ്വദേശി മേഴ്‌സി (65) ആണ്.

സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച രാവിലെ മേഴ്‌സി വീട്ടില്‍ തനിച്ചുള്ള സമയത്താണ് മദ്യപിച്ചെത്തിയ ഷിബിന്‍ തര്‍ക്കമുണ്ടാക്കിയത്. മേഴ്‌സിയുടെ പക്കല്‍ മീന്‍ വില്‍പ്പനയില്‍ നിന്നും ഭര്‍ത്താവ് ഐനീസിന്റെ കടല്‍പണിയില്‍ നിന്നും ലഭിച്ച 8,000 രൂപയുണ്ടെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. 

പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മേഴ്‌സിയുടെ തല ചുമരില്‍ ഇടിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. തുടര്‍ന്ന് തറയില്‍ വീണ ഇവരെ തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.


കൊലപാതകത്തിന് ശേഷം തൊട്ടടുത്ത കട്ടിലില്‍ കിടന്നുറങ്ങിയ ഷിബിന്‍, രാവിലെ 11 മണിയോടെ ഉണര്‍ന്ന് മേഴ്‌സിയുടെ പക്കലുണ്ടായിരുന്ന പണവുമായി ബാറിലെത്തി മദ്യപിച്ചു. അവിടെവെച്ച് അക്രമാസക്തനായ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. 

കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്വയം കാലില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ഇയാളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധം തിരിച്ചുകിട്ടിയതോടെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Tags

Share this story

From Around the Web