നൂറുമേനി വചന പഠന മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെയും മഹാസംഗമവും

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതി രൂപതയിലെ 250 ഇടവകകളില്‍ നിന്നായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത വചന പഠന പദ്ധതിയായ നൂറുമേനി വചന പഠന മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെയും മഹാസംഗമവും എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 12,13 തീയതികളില്‍ ചങ്ങനാശേരി എസ്.ബി കോളജ് കാവുകട്ട് ഹാളില്‍ നടക്കും.
13 ന് രാവിലെ 10 മണിക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന നൂറുമേനി മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം മേജര്‍ ആര്‍ച്ചുബിഷപ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വ്വഹിക്കും.
ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട് മുഖ്യപ്രഭാഷണവും നടത്തും. ചലച്ചിത്ര നടന്‍ സിജോയ് വര്‍ഗീസ് വചന സാക്ഷ്യം നല്‍കും.
ചലച്ചിത്ര നിര്‍മ്മാതാവും ഗാനരചയിതാവുമായ ലിസി ഫെര്‍ണാണ്ടസ്, അതിരൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് മാന്തുരുത്തില്‍, മീഡിയ വില്ലേജ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, നൂറുമേനി വചന പഠന പദ്ധതി ചെയര്‍മാന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പോസ്തോലേറ്റ് അതിരൂപത പ്രസിഡന്റ് ഡോ. റൂബിള്‍ രാജ്, ഡോ. പി.സി അനിയ ന്‍കുഞ്ഞ്, നൂറുമേനി ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന്‍ എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ, സിസ്റ്റര്‍ ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോര്‍ജ്ജ് പൊട്ടന്‍കുളം എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് നടക്കുന്ന 'എന്റെ സ്വന്തം ബൈബിള്‍' പദ്ധതിയുടെയും നൂറുമേനി സീസണ്‍ നാലിന്റെയും ഉദ്ഘാടനം മാര്‍ തോമസ് തറയില്‍ നൂറ്റിപത്തൊന്‍പതാം സങ്കീര്‍ത്തനം മനഃപാഠമാക്കിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ലുക്കാ രാകേഷ്, ഇവാന്‍ വി. ബിജോയ് എന്നിവര്‍ക്ക് പേഴ്‌സണല്‍ ബൈബിളുകള്‍ നല്‍കി നിര്‍വഹിക്കും.
അയ്യായിരത്തോളം പേര്‍ ഗ്രാന്‍ഡ് ഫിനാലെയിലും മഹാസംഗമത്തിലും പങ്കെടുക്കും.