ഗ്രാലിയ അന്ന അലക്‌സ് അന്താരാഷ്ട്ര കത്തോലിക്ക യുവജനസംഘടനയുടെ ഏഷ്യാ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
അന്താരാഷ്ട്ര കത്തോലിക്ക യുവജനസംഘടനയായ MIJARC ASIA വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ഗ്രാലിയ അന്ന അലക്‌സ് തിരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവും മാനന്തവാടി രൂപതാംഗവുമാണ് ഗ്രാലിയ.
ഗ്രാമപ്രദേശങ്ങളിലെയും കര്‍ഷക കുടുംബങ്ങളിലെയും യുവജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമാണ് MIJARC. Mouvement International de la Jeunesse Agricole et Rurale Catholique എന്നതാണ് ഇതിന്റെ പൂര്‍ണ്ണരൂപം (ഇംഗ്ലീഷില്‍: International Movement of Catholic Agricultural and Rural Youth). 1954-ല്‍ ബെല്‍ജിയത്തിലാണ് ഈ സംഘടന രൂപീകൃതമായത്. യുനെസ്‌കോ, എഫ്.എ.ഒ, ഐ.എല്‍.ഒ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളില്‍ ഈ പ്രസ്ഥാനത്തിന് കണ്‍സള്‍ട്ടേറ്റീവ് പദവിയുണ്ട്.
മണിമൂളി ക്രിസ്തുരാജ ഇടവക വെട്ടുകാട്ടില്‍ അലക്‌സിന്റെയും മിനിയുടെയും മകളും പാതിരിപ്പാടം ഇടവക ചെട്ടിയാംകുന്നേല്‍ അരുണിന്റെ ഭാര്യയുമാണ്. കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് , മാനന്തവാടി രൂപത കെസിവൈഎം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്
MIJARC-ന് കീഴില്‍ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും വനിതകളുടെ അവകാശങ്ങള്‍ക്കും പുരോഗതിക്കുമായാണ് ഇന്റര്‍നാഷണല്‍ വിമന്‍സ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ മേഖലയിലെ പെണ്‍കുട്ടികളുടെയും യുവതികളുടെയും ശാക്തീകരണം, നേതൃത്വപാടവം വളര്‍ത്തല്‍, കാര്‍ഷിക-ഗ്രാമവികസന മേഖലകളില്‍ അവര്‍ക്ക് തുല്യഅവസരങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളിലെ ഗ്രാമീണ യുവതികളുടെ പ്രശ്‌നങ്ങളിലും വികസനത്തിലും MIJARC Asia Women's Commission വിഭാഗം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വനിതാ ദിനാചരണങ്ങള്‍, സ്ത്രീ ശാക്തീകരണ വെബിനാറുകള്‍, അഗ്രോ ഇക്കോളജി തുടങ്ങിയ മേഖലകളില്‍ യുവതികള്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ എന്നിവ ഈ കമ്മിഷന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ തലത്തില്‍ സംഘടിപ്പിച്ചുവരുന്നു