ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസ്; മുഖ്യപ്രതി ധാരാ സിങ് ജയിലിന് പുറത്തേക്ക്. മോചനത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി

 
graham stainess

ഭുവനേശ്വര്‍: ആസ്‌ത്രേലിയന്‍ മിഷനറിഹാം സ്റ്റെയിന്‍സിനെയും മക്കളെയും കൊന്ന കേസില്‍ മുഖ്യപ്രതി ജയിലിന് പുറത്തേക്ക്. 

ധാരാ സിങ്ങിന് മോചിപ്പിക്കാന്‍ ശിപാര്‍ശ. നല്ല നടപ്പ് പരിഗണിച്ച് ഒഡിഷ ശിക്ഷ അവലോകന ബോര്‍ഡിന്റെതാണ് ശിപാര്‍ശ. മോചനത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.


ഗ്രഹാം സ്റ്റെയിന്‍സിനെയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളെയും ജീവനോടെ ചുട്ടുകൊന്നതിന് 26 വര്‍ഷത്തിലേറെയായി ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ധാരാ സിങ്.

 സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യദിന ഇളവ് പരിശീലനത്തിന്റെ ഭാഗമായി മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 

സ്വാതന്ത്ര്യദിനത്തില്‍ യോഗ്യരായ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള സംസ്ഥാന സ്‌ക്രീനിംഗ് കമ്മിറ്റി പരിഗണിക്കുന്നവരില്‍ പ്രതിയുടെ പേരും ഉണ്ടെന്ന് ഒഡീഷ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

സിങ്ങിന്റെ അപേക്ഷ പരിശോധിക്കുന്ന സംസ്ഥാന ശിക്ഷാ അവലോകന ബോര്‍ഡ് ചില നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഒഡിഷ സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുന്നത് ആഗസ്ത് 19-ലേക്ക് മാറ്റി വെച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയായ ധാരാ സിങ്ങിന്റെ, യഥാര്‍ത്ഥ പേര് രവീന്ദ്ര പാല്‍ എന്നാണ്.

 കിയോഞ്ജര്‍ ജില്ലാ ജയിലിലാണ് ഇയാള്‍ തടവില്‍ കഴിയുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 37 വയസ്സായിരുന്നു. കേസില്‍ നേരത്തെ 25 വര്‍ഷമായി ജയിലിലായിരുന്ന മഹേന്ദ്ര ഹെബ്രാമിനെ ജയില്‍ മോചിതനാക്കിയിരുന്നു. നല്ല നടപ്പ് കണക്കിലെടുത്താണ് ബിജെപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കിയത്.

1999 ജനുവരി 22നാണ് വാനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാമിനെയും മക്കളായ പത്തുവയസുള്ള ഫിലിപ്പിനെയും ആറ് വയസുകാരനായ തിമോത്തിയെയും ചുട്ടുകൊല്ലുന്നത്. 

സംഘ്പരിവാര്‍ ബന്ധമുള്ള ബജ്‌റംഗ്ദള്‍ സംഘമായിരുന്നു ക്രൂരമായ കൊലക്ക് പിന്നില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സുവിശേഷകനെ കൊലപ്പെടുത്തിയത്.


1999 നും 2000 നും ഇടയില്‍ കേസുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തു. അവയില്‍ 37 പേര് പ്രാഥമിക വിചാരണയ്ക്കിടെ കുറ്റവിമുക്തരായി. 

ധാരാ സിങ്, ഹെബ്രാം എന്നിവരുള്‍പ്പെടെ പതിനാല് പേരെ സിബിഐ കോടതി ശിക്ഷിച്ചു. എന്നാല്‍ ഒഡിഷ ഹൈക്കോടതി 11 പേരെ കൂടി കുറ്റവിമുക്തനാക്കിയതോടെ കേസില്‍ മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്.

Tags

Share this story

From Around the Web