സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ പേര് മാറ്റുന്നു; ഇനി 'എക്‌സൈസ് നയം',സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് പ്രാഥമിക തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് പേര് മാറുന്നു. 'മദ്യനയം' എന്ന പ്രയോഗം ഒഴിവാക്കി, പകരം 'എക്‌സൈസ് നയം' എന്ന പേരില്‍ പുതിയ നയം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് പ്രാഥമിക തീരുമാനം. അതേസമയം, ഔട്ട്ലെറ്റുകളുടെയും ഗോഡൗണുകളുടെയും നടത്തിപ്പില്‍ സഹകരണ സംഘങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.
അതേസമയം പുതിയ മദ്യനയം വരുന്നതുവരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാതെ മദ്യ വ്യാപാരത്തിനുള്ള ലൈസന്‍സ് നല്‍കരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാര്‍ ലൈസന്‍സ് പുതുക്കരുതെന്ന് എക്‌സൈസും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് പുതുക്കുന്നതിന് നിലവില്‍ നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.