സംസ്ഥാനത്തെ 17 നദികളില്‍നിന്ന് മണല്‍വാരാന്‍ സര്‍ക്കാര്‍ നീക്കം, തുടക്കം ഡിസംബറില്‍, നീക്കുക 1.7 കോടി ടണ്‍ മണല്‍. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകള്‍ ഉണ്ടാവില്ല

 
manal varal


തിരുവനന്തപുരം: സംസ്ഥാനത്തെ 17 നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മണല്‍ ഓഡിറ്റ് പ്രകാരം ഖനനയോഗ്യമെന്ന് കണ്ടെത്തിയ 1.7 കോടി ടണ്‍ വാരാനുള്ള നടപടിയാണുണ്ടാവുക. ഡിസംബറോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ ആദ്യഘട്ടത്തില്‍ ഉണ്ടാവില്ല. പട്ടികയിലില്ലാത്ത ബാക്കി പുഴകള്‍ അടുത്ത ഘട്ടത്തിലുണ്ടാവും. അവയുടെ മണല്‍ ഓഡിറ്റ് നടന്നുവരുന്നു.

അമിതമായി മണല്‍ അടിഞ്ഞുകൂടുന്നത് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും നദീതടത്തിന്റെ ആഴം കുറയ്ക്കുകയുംചെയ്യും. പ്രളയസാധ്യത മുന്‍കൂട്ടിക്കണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ പുഴകളിലെ മണല്‍ നിക്ഷേപത്തെക്കുറിച്ചുള്ള പഠനം (സാന്‍ഡ് ഓഡിറ്റ്) റവന്യൂ വകുപ്പ് നടത്തിയിരുന്നു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍.) നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് മണല്‍ വാരാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

ഇനി സംസ്ഥാന പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ അനുമതികൂടി ലഭിക്കണം.
മുമ്പുണ്ടായിരുന്നപോലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കാനാണ് സാധ്യത. കടവുകമ്മിറ്റികള്‍ രൂപവത്കരിച്ചുള്ള രീതിയായിരുന്നു അന്നുണ്ടായിരുന്നത്. എങ്ങനെയാവണം നടപ്പാക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനം വൈകാതെയുണ്ടാവും.

മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍
കഴിഞ്ഞമാസമുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി പദ്ധതി നടപ്പാക്കുന്നത്. എത്രത്തോളം വാരാം, എന്തൊക്കെ മാനദണ്ഡങ്ങള്‍ പാലിക്കണം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. അവ പാലിക്കാതെ മണല്‍ക്കൊള്ള നടത്താന്‍ അനുവദിക്കില്ല.


-എ.പി. അനില്‍കുമാര്‍, റവന്യൂമന്ത്രി.
.........................................................................................
ആദ്യഘട്ടത്തില്‍ ഖനനം ചെയ്യുന്ന നദികളുടെ മണല്‍നിക്ഷേപം: ബ്രായ്ക്കറ്റില്‍ ഖനനംചെയ്യാവുന്ന മണല്‍ (അളവ് ക്യുബിക് മീറ്ററില്‍)
അച്ചന്‍കോവില്‍ 9.42 ലക്ഷം (29,742.9)
പമ്പ 42.9 ലക്ഷം (6.86 ലക്ഷം)
മുവാറ്റുപുഴ 76.64 ലക്ഷം (1.75 ലക്ഷം)
പെരിയാര്‍ 75.86 ലക്ഷം (9.78 ലക്ഷം)
ചാലിയാര്‍ 8.95 ലക്ഷം (5.40 ലക്ഷം)
ഭാരതപ്പുഴ 211.11 ലക്ഷം (99.01 ലക്ഷം)
വളപട്ടണം പുഴ 12.28 ലക്ഷം (58,306)
ശ്രീകണ്ഠാപുരം 3.34 ലക്ഷം (85174.60)
പെരുമ്പ 6988.87 (9639.74)
ചന്ദ്രഗിരിപ്പുഴ 1.17 ലക്ഷം (20019.24)
ഉപ്പള 7.82 ലക്ഷം (96,751)
മൊഗ്രാല്‍ ഗ്രാവല്‍ നിക്ഷേപം (ചരല്‍)
(2024ല്‍ നടത്തിയ മണല്‍ ഓഡിറ്റ് പ്രകാരമുള്ള കണക്ക്)

Tags

Share this story

From Around the Web