ട്രെയിനുകളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:ട്രെയിനുകളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.
സര്‍വീസില്‍ നിന്ന് വിരമിച്ച ലോക്കോപൈലറ്റുകളെയാണ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ ഒരുങ്ങുന്നത്.
ദിവസവേതനാടിസ്ഥാന നിയമനത്തിനായി റെയില്‍വേ മന്ത്രാലയം 19ന് എല്ലാ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്കും അനുമതി നല്‍കിയതായാണ് വിവരം.
ഷണ്ടിങ്ങിനും അനുബന്ധ ജോലികള്‍ക്കും താത്കാലിക ജീവനക്കാരെ നിയമിക്കാനും തീരുമാനമായതായാണ് വിവരം.
നിലവില്‍ പതിനാറ് സോണിലായി 1,45,230 ലോക്കോ റണ്ണിങ് തസ്തികകളില്‍ 33,174 എണ്ണം ഒഴിഞ്ഞ് കിടക്കുകയാണ്. ചില സോണുകളില്‍ 40 45ശതമാനം വരെയാണ് ഒഴിവുകള്‍ ഉള്ളത്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയില്‍ 5848 ലോക്കോ റണ്ണിങ് തസ്തികകളില്‍ ഇപ്പോഴുള്ളത് 4560പേര്‍ മാത്രമാണ്.
134 ഒഴിവുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ മാത്രം ഉണ്ട്. പാലക്കാട് 149, സേലം 195, മധുര149, തിരുച്ചി 159, ചെന്നൈ 521 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. 2024ല്‍ 726 ഒഴിവും ഇൗ വര്‍ഷം 510 ഒഴിവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അസി. ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റ് 2018നുശേഷം 2024ലാണ് നടത്തിയത്.
ട്രെയിന്‍ ഗതാഗതം താറുമാറാകുന്ന ഘട്ടത്തിലാണ് 5699 അസി. ലോക്കോപൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ 2024 ജനുവരി 14ന് തീരുമാനിച്ചത്.