ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; കീം പരീക്ഷയില്‍ മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിക്കും
തിരുവനന്തപുരം: കീം പ്രവേശന പരീക്ഷ എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിന് അംഗീകാരം നല്‍കിയത്.
അംഗീകൃത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക. പരീക്ഷയ്ക്കിടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ സുപ്രധാന നടപടി. നേരത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രൊഫഷണല്‍ കോളേജുകളിലെയും പരീക്ഷകള്‍ക്ക് സമാനമായ ഇളവ് അനുവദിച്ചിരുന്നു.
അധികസമയത്തിന് പുറമെ, ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കായി ചില അവശ്യവസ്തുക്കള്‍ പരിശോധനയ്ക്ക് ശേഷം പരീക്ഷാഹാളില്‍ കൈവശം വെക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്, തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമായ സി.ജി.എം.എസ്, ഷുഗര്‍ ടാബ്ലെറ്റുകള്‍, വെള്ളം, ലഘുഭക്ഷണങ്ങള്‍, പഴങ്ങള്‍ എന്നിവയാണ് പരീക്ഷാഹാളില്‍ അനുവദിച്ചിരിക്കുന്നത്.
പൊതുപ്രവര്‍ത്തകയായ ബുഷ്‌റ, ടൈപ്പ് വണ്‍ ഡയബറ്റിസ് ഫൗണ്ടേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചും ധനകാര്യ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അംഗീകാരത്തോടെയുമാണ് ഉത്തരവിറക്കുന്നത്. 2027-ലെ കീം പ്രോസ്‌പെക്ടസില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.