മുഴുവൻ സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് സർക്കാർ; തീരുമാനം മുഖ്യമന്ത്രി- ഗവർണർ സമവായത്തിന് പിന്നാലെ

 
GOVERMENT

മുഖ്യമന്ത്രി- ഗവര്‍ണര്‍ ധാരണ പ്രകാരം എല്ലാ സര്‍വകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഗവര്‍ണര്‍ രൂപീകരിക്കുന്ന സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. കാലിക്കറ്റ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ സര്‍വകലാശാല സെനറ്റ് ഇന്ന് നല്‍കും.


ഡിജിറ്റല്‍ -സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും സമവായത്തില്‍ എത്തിയതോടെയാണ് മറ്റ് സര്‍വകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് തീരുമാനം ആയത്. ആദ്യ നിയമനം കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കും. കഴിഞ്ഞ മൂന്ന് തവണയും കാലിക്കറ്റ് സര്‍വകലാശാല നിര്‍ദേശിക്കുന്ന സെര്‍ച്ച് കമ്മറ്റി പ്രതിനിധി രാജിവയ്ക്കുകയായിരുന്നു. പക്ഷേ ഇന്ന് സര്‍ക്കാര്‍ നിര്‍ദേശം കൂടി അംഗീകരിച്ച് പ്രതിനിധിയെ നല്‍കും. പിന്നാലെ കേരളയും, കണ്ണൂരും പ്രതിനിധികളെ നല്‍കും.

സര്‍ക്കാരിനും, ഗവര്‍ണര്‍ക്കും താല്‍പര്യമുള്ളവരെ പരസ്പര ധാരണയാല്‍ വിവിധ സര്‍വകലാശാലകളില്‍ വി സിമാരായി നിയമിക്കും. ലോക്ഭവന്‍ നിയമിച്ച ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി സര്‍ക്കാര്‍ സഹകരിച്ച് മുന്നോട്ട് പോകും. കേരള സര്‍വ്വകലാശാലയിലെ താല്‍കാലിക വിസി മോഹനന്‍ കുന്നുമ്മലും ഉന്നത വിദ്യാഭ്യാസമന്ത്രിയെ കാണും.

Tags

Share this story

From Around the Web