തിരുപ്പട്ട സ്വീകരണം തടഞ്ഞ് ഭരണകൂടം; ഛത്തീസ്ഗഡില്‍ വിശ്വാസ സ്വാതന്ത്ര്യത്തിന് വീണ്ടും വിലക്ക്
ബല്റാംപൂര്: രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് തന്നെ ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തി ഛത്തീസ്ഗഡില്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരിലാണ് ഭരണകൂട ഭീകരത നിറഞ്ഞ നടപടി. ഛത്തീസ്ഗഡിലെ ബല്റാംപൂര് ജില്ലയിലെ ധന്‍വാര്‍ ഇടവകയില്‍ നിന്ന് ഈ മാസം 14-ാം തീയതിയായിരുന്നു ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ബേസില്‍ ഹദ്ധയുടെ പൗരോഹിത്യം നിശ്ചയിച്ചിരുന്നത്.
രണ്ടു വ്യക്തികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പൗരോഹിത്യ സ്വീകരണച്ചടങ്ങ് തടസ്സപ്പെടുത്തിയത്.
30 വര്‍ഷം മുന്‍പ് നടത്തിയ മാമോദീസാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും, അന്ന് ആവശ്യമില്ലാതിരുന്ന മതപരിവര്‍ത്തനത്തിനുള്ള അനുമതിപത്രം കൂടി വേണമെന്നായിരുന്നു അധികൃതരുടെ നിലപാട്.
തീവ്ര ഹിന്ദുത്വനിലപാടുള്ള ഉദ്യോഗസ്ഥരുടെ അധികാരദാഷ്ട്യത്തിന് വഴങ്ങി പൗരോഹിത്യ സ്വീകരണച്ചടങ്ങ് മാറ്റിവെക്കേണ്ടി വന്ന സാഹചര്യം രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് തന്നെ ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് സീറോ മലബാര്‍ സഭയുടെ പിആര്‍ഓ ഫാ. ടോം ഓലിക്കരോട്ട് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
മൂന്നു പതിറ്റാണ്ട് മുന്‍പത്തെ നിയമവ്യവസ്ഥകള്‍ക്ക് അനുസൃതമായി പൂര്‍ത്തിയാക്കിയ നടപടികള്‍ക്ക് പോലും ഇന്ന് പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച് തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, നിയമവാഴ്ചയേക്കാള്‍ വര്‍ഗീയ താല്പര്യങ്ങളാണോ ഭരണസംവിധാനത്തെ നയിക്കുന്നത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിയുടെ മതവിശ്വാസവും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിത സമര്‍പ്പണവും ഭരണകൂടത്തിന്റെ ഇടപെടലിലൂടെ തടസ്സപ്പെടുത്തുന്ന സാഹചര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ശക്തമാക്കുകയാണ്.
ഇത് ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാവില്ല. ഛത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങളില്‍ ക്രൈസ്തവ പുരോഹിതര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടതും, അവയ്ക്കെതിരെ ഉയര്‍ന്ന നിയമപരമായ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതും ഈ സാഹചര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ സ്വന്തം ഭൂമിയില്‍ പോലും സംസ്കരിക്കാന്‍ അനുവദിക്കുകയില്ലെന്ന വര്‍ഗീയ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉയര്‍ന്നപ്പോഴും പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടം എത്രത്തോളം ഫലപ്രദമായി ഇടപെട്ടു എന്ന ചോദ്യം അവശേഷിക്കുകയാണെന്നും ഫാ. ടോം പറഞ്ഞു.
മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുകയും, ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ സാധാരണ സംഭവങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലെ പ്രവണത ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നത്.
നിയമം ഒരുപോലെ എല്ലാവര്ക്കും ബാധകമാകേണ്ട രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അധികാരബലത്തിന്റെ മുന്പില് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷ്പ്രഭമാകുന്നത് നീതിയുടെ പരാജയമാണ്.
ഛത്തീസ്ഗഡില്‍ മുഴങ്ങുന്നത് ഒരപായമണിയാണ്. ആ ശബ്ദം കേള്‍ക്കാതെ ഇനിയും ഉറക്കം നടിക്കാനാവില്ല. മതേതര ഇന്ത്യയെ സംരക്ഷിക്കുക എന്നത് ന്യൂനപക്ഷങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യന്‍ പൗരന്റെയും കടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.