ജനങ്ങളുടെ ആശങ്കകളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം: കെസിബിസി ജാഗ്രത കമ്മീഷന്‍

 
Kcbc

താഴെപ്പറയുന്ന വിഷയങ്ങള്‍ സംബന്ധിച്ച് ഗൗരവകരമായ ശ്രദ്ധയും സത്വരമായ ഇടപെടലുകളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകള്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തണം


ജൂലൈ 27 ന് കാലാവധി അവസാനിക്കുന്നതോടെ പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകളുടെ (ESA) സംരക്ഷണവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതായുള്ള വാര്‍ത്തകള്‍ മുഖ്യധാരാമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ കേന്ദ്രം പരിഗണിക്കുന്ന കേരളത്തിന്റെ റിപ്പോര്‍ട്ട് 123 വില്ലേജുകള്‍ പൂര്‍ണമായി ഉള്‍പ്പെടുന്നതും മൊത്തം 9993 ചതുരശ്രകിലോമീറ്റര്‍ ഉള്‍പ്പെടുന്നതും ആണ്. ഈ പ്രദേശങ്ങള്‍ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിച്ചാല്‍ അതില്‍ ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടും. കേരളത്തിലെ കര്‍ഷകസമൂഹത്തിനും സാധാരണജനങ്ങള്‍ക്കും താങ്ങാനാവാത്ത ദുരന്തം ആയിരിക്കും ഫലം. അതിനാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരമായ ഇടപെടലുകള്‍ നടത്തുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണം.

FCRA ഭേദഗതി: കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലെ ആശങ്കകള്‍ പരിഹരിക്കപ്പെടണം

ജൂണ്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന 2011 ലെ FCRA ചട്ട ഭേദഗതികളില്‍ പലതും ഫണ്ടുകളിലെ സുതാര്യതയും ക്രമവത്കരണവും ലക്ഷ്യമിടുന്നതാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. അത്തരം ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളെ പിന്തുണക്കുന്നു. എന്നാല്‍, ഇപ്പോഴുള്ള ഭേദഗതികളില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം, സ്ഥാപനമോ ഭാരവാഹികളോ നടത്തുന്ന മുഴുവന്‍ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ പോലും വാര്‍ഷിക റിട്ടേണില്‍ അറിയിക്കണം എന്നു തുടങ്ങി, വകുപ്പുകളില്‍ പലതും ജനാധിപത്യ വിരുദ്ധവും മൗലികാവകാശ ലംഘനങ്ങളും അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള പൗരരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. മതപരിവര്‍ത്തന ശ്രമങ്ങളെ തടയാനെന്ന് അവകാശപ്പെട്ടുള്ള ചില വകുപ്പുകള്‍ എളുപ്പത്തില്‍ ദുരുപയോഗിക്കപ്പെടാവുന്നതും ഭരണഘടന ഉറപ്പു നല്കുന്ന മത സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിച്ചേക്കാവുന്നതുമാണ്. ഈ കാര്യങ്ങളിലുള്ള ആശങ്ക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി പരിഗണിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം.

മദ്യ ഉപഭോഗം കുറയ്ക്കാനുള്ള ക്രിയാത്മക നടപടികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍നല്‍കണം

വീര്യംകുറഞ്ഞ മദ്യത്തിന് കുറഞ്ഞ തീരുവ എന്ന ധനവകുപ്പിന്റെ നിലപാട് ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടത് മദ്യവ്യാപനത്തിന്റെ ദോഷഫലങ്ങള്‍ നേരിട്ടനുഭവിക്കുന്ന പൊതുസമൂഹത്തിലും ലഹരിവര്‍ജ്ജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ വിലയ്ക്ക് കേരളത്തില്‍ സുലഭമാകുന്ന സാഹചര്യം മദ്യപാനത്തെ ലളിതവത്കരിക്കാനും സാമാന്യവത്കരിക്കാനും ഇടയാക്കിയേക്കുമെന്നതിനാല്‍ ആ നീക്കത്തില്‍നിന്ന് സര്‍ക്കാരും ഭരണ കക്ഷിയും പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ, മദ്യവില്‍പ്പനയെ മുഖ്യ വരുമാന മാര്‍ഗ്ഗമായി കാണുന്ന മുന്‍ നയങ്ങളില്‍ മാറ്റം വരുത്തുകയും ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി മദ്യ ലഹരിയുടെ കയത്തില്‍നിന്ന് കേരളത്തെ കരകയറ്റാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വേണം.

കരിമണല്‍ - കടല്‍ ഖനന നീക്കങ്ങള്‍ പുനഃപരിശോധിക്കണം

കേന്ദ്രസര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കരിമണല്‍ - കടല്‍ ഖനന ആശയങ്ങള്‍ കേരളത്തിലെ തീരദേശവാസികളെ വലിയ ആശങ്കയില്‍ അകപ്പെടുത്തിയിട്ടുള്ളതാണ്. കരിമണല്‍ ഖനനത്തിന് മാതൃകയായി കാണാവുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമം ഇന്ന് ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. തീരശോഷണങ്ങളും കടലാക്രമണങ്ങളും കേരളത്തിലെ അനേകായിരം തീരദേശവാസികളെ പ്രതിവര്‍ഷം ഭവന രഹിതരും തൊഴില്‍രഹിതരുമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, അവരെ കൂടുതല്‍ പ്രതിസന്ധികളില്‍ അകപ്പെടുത്തുന്ന വിധമുള്ള പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കേരളത്തിലെ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകള്‍ സഗൗരവം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍

Tags

Share this story

From Around the Web