സമുദായത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

 
bishop mar ra

കണ്ണൂര്‍: സംവരണമില്ലാത്ത സമുദായത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
 'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ 108-ാം ജന്മവാര്‍ഷിക സമ്മേളനം കണ്ണൂര്‍ പോലീസ് മൈതാനിയിലെ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. 

രാഷ്ട്രീയ ശക്തിയല്ല, സമുദായ ശക്തിയാണ് കത്തോലിക്കാ കോണ്‍ഗ്രസെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സമുദായം ചെയ്തതാണ് പള്ളിക്കൂടം. ജാതി അനുസരിച്ച് കുട്ടികള്‍ വസ്ത്രങ്ങള്‍ ഇടാത്തപ്പോള്‍ കത്തോലിക്കാ സഭ നടത്തിയ പരിഷ്‌കാരമാണ് പള്ളിക്കൂടങ്ങളിലെ യൂണിഫോം.

 ജാതിവ്യവസ്ഥകള്‍ പള്ളിക്കൂടങ്ങളില്‍ പാടില്ലെന്നു ബോധ്യപ്പെടുത്താനാണ് യൂണിഫോം സമ്പ്രദായം നടപ്പിലാക്കിയത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും തുല്യ അവകാശമുണ്ടെന്നു പറഞ്ഞത് കത്തോലിക്ക സമുദായമാണ്. 

നഴ്‌സാകാന്‍ ഒരു കാലയളവില്‍ ആരും പോകാറില്ലായിരുന്നു. ആരോഗ്യമേഖലയില്‍ സ്ത്രീകളുടെ ശുശ്രൂഷ ആവശ്യമാണെന്നു പറഞ്ഞത് സമുദായമാണ്.

സിസ്റ്റേഴ്സിനെ ഉള്‍പ്പെടെ ഈ മേഖലയിലേക്കു നിയോഗിച്ചത് സമുദായമാണ്. ഒരാളും നഴ്‌സാകാന്‍ വരാതിരുന്ന കാലഘട്ടത്തില്‍ നഴ്സിംഗിനെ കത്തോലിക്കാ സഭ ശുശ്രൂഷയുടെ ഭാഗമാക്കി മാറ്റി. 

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ സൃഷ്ടിച്ചത് സര്‍ക്കാരാണെങ്കിലും ഇന്നു കാണുന്ന രീതിയില്‍ ഈ ജില്ലകളെ മാറ്റിയ ത് കുടിയേറ്റ കര്‍ഷകരാണ്. കപ്പ, നെല്‍കൃഷി എന്നിവ സമുദായം കൊടുത്ത സംഭാവനയാണ്. കര്‍ഷകര്‍ക്ക് പെന്‍ഷനും ആരോഗ്യ ഇന്‍ഷ്വറന്‍സും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം.

മനുഷ്യനെ കൊന്നാല്‍ പ്രശ്നമില്ല, കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊന്നാല്‍ പ്രശ്നമാണ്. കര്‍ഷകന്റെ ഭൂമിക്ക് സംരക്ഷണം നല്‍കണം, അവരുടെ മക്കള്‍ക്ക് പ ഠിക്കാന്‍ ആനുകൂല്യം നല്‍കണം, മക്കള്‍ക്ക് ജോലി സംവരണം നല്‍കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

 കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പില്‍ അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തി.

കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, പാലക്കാട് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.

 ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍ ആമുഖപ്രഭാഷണവും ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍ വിഷയാവതരണവും നടത്തി.

തലശേരി അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി മുതുകുന്നേല്‍, മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, കോട്ടയം അതിരൂപത മലബാര്‍ റീജണ്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമാരായ വി.വി. അഗസ്റ്റിന്‍, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപ ത ചാന്‍സലര്‍ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ.ഡോ. ജോസഫ് കാക്കരമറ്റത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Tags

Share this story

From Around the Web