ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി; ഉടമസ്ഥാവകാശ ഹർജി തള്ളി പാലാ കോടതി
ശബരമില വിമാനത്താവള പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് പാലാ സബ് കോടതിയിൽ നിന്ന് വലിയ തിരിച്ചടി. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. വിവാദഭൂമി അയന ചാരിറ്റബിൾ ട്രസ്റ്റിന്റേതാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. വിമാനത്താവളത്തിനായി എസ്റ്റേറ്റിലെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന ഈ വിധി സർക്കാരിന്റെ വിമാനത്താവള മോഹങ്ങൾക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്.
ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്ന് വാങ്ങിയ ഭൂമി തങ്ങളുടേതാണെന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. നേരത്തെ രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. തുടർന്ന് ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സിവിൽ കോടതിയെ സമീപിക്കണമെന്ന ഉന്നത കോടതികളുടെ നിർദ്ദേശപ്രകാരമാണ് കോട്ടയം ജില്ലാ കളക്ടർ പാലാ കോടതിയിൽ ഹർജി നൽകിയത്. പദ്ധതിക്കായി സർക്കാർ തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ നീക്കം നടത്തുന്നതിനിടെയാണ് ഉടമസ്ഥാവകാശത്തിൽ സർക്കാരിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.