സ്വയംഭരണ കോളേജുകള്‍ക്ക് കോഴ്സുകള്‍ തുടങ്ങാന്‍ ഇനി ഗവണ്‍മെന്റ് എന്‍ഒസി ആവശ്യമില്ല: തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോമലബാര്‍ സഭ

 
Students

കാക്കനാട്: സ്വയംഭരണ കോളേജുകള്‍ക്ക് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കോഴ്സുകള്‍ തുടങ്ങാന്‍ ഗവണ്‍മെന്റിന്റെ നിരാക്ഷേപപത്രം (എന്‍ഒസി) ആവശ്യമില്ലെന്ന കേരള ഗവണ്‍മെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ.

സ്വയംഭരണ കോളേജുകള്‍ക്ക് കോഴ്സുകള്‍ ആരംഭിക്കാനുള്ള അക്കാദമിക സ്വാതന്ത്ര്യവും അവകാശവും 2023 മുതല്‍ യുജിസി അനുവദിച്ചിരുന്നെങ്കിലും കേരളത്തില്‍ പ്രസ്തുത സ്ഥിതിവിശേഷം ഇതുവരെ നിലവിലില്ലായിരുന്നു.

 ഈ സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ച അക്കാദമികസ്വാതന്ത്ര്യം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രവികസനം ഉറപ്പാക്കാനുള്ള നിര്‍ണ്ണായക ചുവടുവയ്പാണെന്ന് സീറോ മലബാര്‍ വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസമേഖല കാലോചിതമായി പരിഷ്‌കരിക്കുന്നതിനും ലോകോത്തര നിലവാരമുള്ള അക്കാദമിക സമ്പ്രദായത്തിന്റെ സാധ്യതകള്‍ കേരളത്തില്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. 


വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ചെലവു കുറഞ്ഞ രീതിയില്‍ നേടണമെങ്കില്‍ മികവ് തെളിയിച്ച കോളേജുകള്‍ക്ക് അക്കാദമിക സ്വയംഭരണവും കാലതാമസമില്ലാതെ അനുമതി ലഭിക്കുന്ന സംവിധാനങ്ങളും ആവശ്യമാണ്.

ദേശീയ വിദ്യാഭ്യാസനയവും യുജിസിയും ലക്ഷ്യംവയ്ക്കുന്ന ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരവും നിലവാരവും നേടിയെടുക്കാന്‍ അനുകൂലമായ നയപദ്ധതികള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് താമസംവിനാ നടപ്പിലാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി ഉന്നത വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web