സ്വയംഭരണ എയ്ഡഡ് - സ്വാശ്രയ കോളജുകള്‍ക്ക് വാരിക്കോരി ഇളവ് നല്കി സര്‍ക്കാര്‍: ഇനി യഥേഷ്ടം പുതിയ കോഴ്സുകള്‍ തുടങ്ങാം
തിരുവനന്തപുരം: സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളില്‍ ഇനി യഥേഷ്ടം അണ്‍എയ്ഡഡ് കോഴ്സുകള്‍ തുടങ്ങാനും സീറ്റുകള്‍ വര്‍ധിപ്പിക്കാനും അനുമതി.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവ്. പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ എന്‍ഒസി വേണ്ട. സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നാണ് പുതിയ വ്യവസ്ഥ.
പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വര്‍ദ്ധനവിന്റെയും വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്നാണ് വ്യവസ്ഥ.
ഓരോ വര്‍ഷവും എന്‍ഒസി പുതുക്കണമെന്ന് വ്യവസ്ഥ ഇളവ് ചെയ്ത് മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ ആക്കി. വിദ്യാഭ്യാസ കച്ചവടത്തിന് വഴിവയ്ക്കുന്ന തീരുമാനമെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആവശ്യപ്പെട്ടു.
മാനേജ്മെന്റ് പ്രതിനിധികള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇത്തരം വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി വിജയന് ആവശ്യപ്പെട്ടു.
വര്‍ഷാവര്‍ഷമുള്ള പരിശോധനകള്‍ റദ്ദാക്കിയതും, അഡ്മിഷന് കഴിഞ്ഞ ശേഷം മാത്രം വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്ന ഇളവും മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വില്‍ക്കാനുള്ള പരസ്യമായ ഒത്താശയാണെന്ന് അദേഹം ആരോപിച്ചു.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാടെ എടുത്തുകളഞ്ഞ് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകര്‍ക്കുന്നതാണ് ഈ നടപടികളെന്ന് അദേഹം കുറ്റപ്പെടുത്തി.
സെപ്റ്റംബര്‍ 11-ലെ ഉത്തരവിലെ വ്യവസ്ഥകള്‍ അട്ടിമറിച്ച് മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി വിജയന് പറഞ്ഞു.