സ്വകാര്യ ടൂറിസ്റ്റ് ബസ്സിനെ മാതൃകയാക്കി സര്‍ക്കാര്‍ ബസ്സും; ആറുവരിപ്പാതയില്‍ പുറകോട്ടെടുത്ത് കെ എസ് ആര്‍ ടി സി
കോട്ടയ്ക്കല്‍: ഒരാഴ്ചമുന്‍പ് ആറുവരിപ്പാതയിലെ സ്വാഗതമാട്-ചെനയ്ക്കല്‍ ജങ്ഷനില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് പുറകോട്ടെടുത്ത അതേസ്ഥലത്ത് യാത്രയ്ക്കിടെ പുറകോട്ടെടുത്ത് കെ.എസ്.ആര്‍.ടി.സി. ബസും.
ഞായറാഴ്ച രാവിലെയാണ് തൃശ്ശൂരില്‍നിന്ന് കണ്ണൂരിലേക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്, അപകടകരമായരീതിയില്‍ പിന്നോട്ടെടുത്ത് സ്വാഗതമാട്-ചെനയ്ക്കല്‍ ഭാഗത്തെ എന്‍ട്രിപോയിന്റിലൂടെ സര്‍വീസ് റോഡിലേക്കു പ്രവേശിച്ചത്.
പിന്നില്‍നിന്ന് വാഹനങ്ങള്‍ വന്നുകൊണ്ടിരിക്കെയാണിത്. എക്സിറ്റ് പോയിന്റും അതുകഴിഞ്ഞ് തൊട്ടടുത്തുതന്നെ എന്‍ട്രി പോയിന്റുമുണ്ടിവിടെ. ഇതുരണ്ടും കഴിഞ്ഞ് ആറുവരിപ്പാതയില്‍ കുറച്ചു മുന്നോട്ടുപോയ ബസ് നിര്‍ത്തി പിന്നോട്ടെടുക്കുകയായിരുന്നു. സര്‍വീസ് റോഡിലേക്കുകയറിയ ബസ് അടുത്ത സ്റ്റോപ്പായ ചങ്കുവെട്ടിയിലേക്കു പോയി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇതേസ്ഥലത്ത് സ്വകാര്യ ടൂറിസ്റ്റ് ബസ് പുറകോട്ടെടുക്കാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ ബസ് പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
കെ.എസ്.ആര്‍.ടി.സി. ബസ് പുറകോട്ടെടുത്ത സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതായും ഇതേക്കുറിച്ച് അന്വേഷണമാരംഭിച്ചതായും കോട്ടയ്ക്കല്‍ എസ്.എച്ച്.ഒ. ബിന്‍ഷാദ് അലി പറഞ്ഞു.