ഇന്ത്യയിൽ ടെലഗ്രാമിന് നിരോധനം, നിർണായക നീക്കവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. ഈ മാസം 22 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നീക്കം നടത്തിയിരിക്കുന്നത്. എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നൽകിയ വിവരമനുസരിച്ച് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പാണ് പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിന്റെ സേവനങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നത്.
ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമത്തിന് വിലക്കേർപ്പെടുത്തുന്ന അസാധാരണ നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. നടക്കാനിരിക്കുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ വിൽപ്പനയ്ക്കുണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം ടെലഗ്രാമിൽ മെസേജുകൾ വന്നതിനെ തുടർന്ന് പൊലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രചരിച്ച വാർത്ത വ്യാജമാണെന്നും ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായിട്ടില്ലെന്നും എൻടിഎയും കേന്ദ്രസർക്കാരും അറിയിച്ചു.
ഇതിനെത്തുടർന്ന് ടെലഗ്രാമിന്റെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടെലഗ്രാമിലെ മെസേജ് എഡിറ്റിംഗ് ഫീച്ചർ( ഇന്നലെ അയച്ച സന്ദേശം തിരുത്താനുള്ള സംവിധാനം) ഈ മാസം 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതാമായിരിക്കും. ഒന്നും ആവർത്തിക്കുകയില്ലെന്നും ഒരാൾക്ക് പോലും പരീക്ഷയ്ക്ക് മുമ്പ് ചോദ്യപ്പേപ്പർ ലഭിക്കില്ലെന്നുമാണ് എൻടിഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. നേരത്തെ ചോർന്ന ചോദ്യപ്പേപ്പർ വ്യാപകമായി പ്രചരിച്ചത് ടെലഗ്രാം വഴിയാണ്. ഇത് മുൻനിർത്തിയാണ് ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.