ഗോവിന്ദച്ചാമിയുടെ ലക്ഷ്യം റെയിൽവേ സ്റ്റേഷൻ.അതിന് മുന്നേ മോഷണം നടത്താൻ പദ്ധതി. നേരം വെളുത്തതോടെ പണി പാളി

കണ്ണൂർ: ജയിൽച്ചാടി പിടിയിലായ സൗമ്യ കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിൽ ചാടിയ ഉടൻതന്നെ താൻ പദ്ധതിയിട്ടത് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനും അവിടെനിന്ന് നാടുവിടാനുമാണ് എന്ന് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. അതിന് മുൻപ് മോഷണം നടത്താനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതി. വീടുകൾക്ക് സമീപമെത്തിയത് മോഷണം ലക്ഷ്യമിട്ടാണ്. എന്നാൽ നേരം വെളുത്തതോടെ ലക്ഷ്യം പാളി. പിന്നീട് ആളുകൾ തിരിച്ചറിയും എന്നായതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും കിണറ്റിൽ ഒളിച്ചിരിക്കുകയുമായിരുന്നു.
ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. ഹാക്സോ ബ്ലേഡ് കൈക്കലാക്കി സെല്ലിന്റെ ഇരുമ്പുകമ്പി മുറിച്ചു. തുടർന്ന് ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തി. പത്രങ്ങളും ഡ്രമ്മും നിരത്തിവെച്ച ശേഷം തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. പിന്നീട് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.