കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ച സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർ

കേരള സർവകലാശാല വിവാദത്തിൽ ജോയിൻ്റ് രജിസ്ട്രാറെയും രജിസ്ട്രാറെയും സസ്പെൻഡ് ചെയ്യും. രജിസ്ട്രാർ അനിൽകുമാറിനെയും ജോയിൻ്റ് രജിസ്ട്രാർ അനിൽ കുമാറിനെയുമാണ് സസ്പെൻഡ് ചെയ്യുക. താത്ക്കാലിക വൈസ് ചാൻസലർ സിസ തോമസാണ് സസ്പെൻഡ് ചെയ്യുക. സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ രാജേന്ദ്ര അർലേക്കർ റദ്ദാക്കും. രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ച സിൻഡിക്കേറ്റ് തീരുമാനമാണ് റദ്ദാക്കുക. സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേരള സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന സിൻഡിക്കേറ്റ് യോഗത്തിലെ നാടകീയ രംഗങ്ങളിൽ ഗവർണർ വിസിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വിസിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഗവർണർ നടപടിയെടുക്കണമെന്ന് വൈസ് ചാൻസലർ നേരത്തെ ശുപാർശ ചെയ്തിരുന്നു.
അതേസമയം, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തും. സർവകലാശാലകൾ കാവിവത്ക്കരിക്കാൻ ഗവർണർ ഇടപെടുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കേരളാ സർവകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗവർണറോട് അനാദരവ് കാട്ടിയെന്നും ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തത്. പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉപയോഗിച്ചത് ചട്ടലംഘനമാണെന്നായിരുന്നു രജിസ്ട്രാറിന്റെ നിലപാട്.