തൃശ്ശൂരില്‍ പോലീസുകാര്‍ക്കെതിരെ ഉണ്ടായ ഗുണ്ട ആക്രമണം: ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിയുമായി കേരള പോലീസ്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കും

​​​​​​​

 
police

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാന ചുമതയുള്ള എഡിജിപി എച്ച് വെങ്കിടേഷാണ് ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

തൃശ്ശൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്. തൃശ്ശൂര്‍ ഡിഐജി എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കും. 

സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളും പൊലീസ് നിരീക്ഷിക്കും. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കും. ജില്ലാതലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിംഗ് ടീം ഉണ്ടാക്കും. 

സബ് ഡിവിഷനില്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും സ്‌ട്രൈക്കിംഗ് ടീം വേണമെന്ന് നിര്‍ദ്ദേശമുണ്ട്. രാത്രി കാലങ്ങളില്‍ സ്‌ട്രൈക്കിംഗ് ടീം പൂര്‍ണ്ണ സജ്ജമായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രതിദിനം വിലയിരുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ലഹരിപാര്‍ട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ജൂണ്‍ 28ന് തൃശ്ശൂരില്‍ ആക്രമണം നടന്നിരുന്നു. കൊലക്കേസ് പ്രതി ബ്രഹ്‌മജിത്തിന്റെ നേതൃത്വത്തിലായിരുന്നു പൊലീസിനെതിരെ ആക്രമണം നടന്നത്.

 നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഗ്രേഡ് എസ് ഐ ജയന്‍, സീനിയര്‍ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒന്നിലേറെ പൊലീസ് വാഹനങ്ങള്‍ തകര്‍ന്നിരുന്നു.

Tags

Share this story

From Around the Web