മുട്ടയ്ക്കും കോഴിക്കും നല്ലകാലം; പൗള്‍ട്രി മേഖലയുടെ ലാഭമാര്‍ജിന്‍ ഈ വര്‍ഷം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുടെ പൗള്‍ട്രി വ്യവസായം അതിന്റെ ദീര്‍ഘകാല വളര്‍ച്ചാ നിരക്കായ 10 ശതമാനത്തിലേക്ക് തിരികെ എത്തുമെന്ന് ക്രിസില്‍ റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുട്ടയുടെയും ബ്രോയിലര്‍ കോഴിയുടെയും വിഭാഗങ്ങളിലെ മികച്ച വിലയും സ്ഥിരതയുള്ള ഉപഭോഗ ആവശ്യകതയുമാണ് ഈ മേഖലയ്ക്ക് നിലവില്‍ വലിയ കരുത്താകുന്നത്.
വില വര്‍ധനവ് ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയെ ഫലപ്രദമായി മറികടക്കുന്നതിനാല്‍, ഈ സാമ്പത്തിക വര്‍ഷം വ്യവസായത്തിന്റെ ലാഭ മാര്‍ജിന്‍ 50 മുതല്‍ 70 ബേസിസ് പോയിന്റ് വരെ മെച്ചപ്പെടുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.
പൗള്‍ട്രി വ്യവസായത്തിന്റെ മൂല്യത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന മുട്ട വിഭാഗത്തില്‍ നിന്നാണ് ഇതില്‍ ഏറ്റവും അധികം വളര്‍ച്ച ഉണ്ടായിരിക്കുന്നത്.
എല്ലാ വരുമാന വിഭാഗക്കാര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന കുറഞ്ഞ ചെലവിലുള്ള പ്രോട്ടീന്‍ ഉറവിടമെന്ന നിലയില്‍ മുട്ടയ്ക്ക് ആവശ്യക്കാരേറെയാണ്.
ഇന്ത്യയിലെ ആളോഹരി വാര്‍ഷിക മുട്ട ഉപഭോഗം 106 ആയി കണക്കാക്കുമ്പോള്‍, ആഗോള ശരാശറിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയ്ക്ക് ഇനിയും വലിയ വളര്‍ച്ചാ സാധ്യതകളാണുള്ളത്.
ബ്രോയിലര്‍ വിഭാഗത്തിന്റെ വരുമാന വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 5 ശതമാനത്തില്‍ നിന്ന് 8-10 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് മെച്ചപ്പെട്ടതും, ആളോഹരി ഇറച്ചി ഉപഭോഗം വര്‍ധിച്ചതും, പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളോടുള്ള താല്‍പര്യം കൂടിയതും ഇതിന് ആക്കംകൂട്ടുന്നു.
പൗള്‍ട്രി ഉല്‍പ്പാദന ചെലവിന്റെ ഭൂരിഭാഗവും തീറ്റയ്ക്കാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ തീറ്റച്ചെലവിലെ വ്യതിയാനങ്ങള്‍ പ്രധാന വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും ഇറക്കുമതി ചെലവുകളും കാരണം തീറ്റച്ചെലവില്‍ ചെറിയ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും, മെച്ചപ്പെട്ട വിലയും ഉപഭോഗവും കമ്പനികളുടെ ലാഭക്ഷമതയും പണമൊഴുക്കും സുസ്ഥിരമായി നിലനിര്‍ത്തും.