ദുഃഖവെള്ളിയിലെ നേര്‍ച്ച വിശുദ്ധനാട്ടിലെ ദുരിതബാധിതര്‍ക്ക്
വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച വിശുദ്ധ നാടിന് വേണ്ടി കത്തോലിക്ക വിശ്വാസികള്‍ നല്‍കുന്ന സംഭാവനകള്‍ ഒരു കാലഘട്ടത്തില്‍ വിശുദ്ധ നാട്ടിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായിരുന്നു ഉപയോഗിച്ചിരുന്നെങ്കില്‍, യുദ്ധബാധിതരുടെയും ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നവരുടെയും പുനരധിവാസത്തിനുവേണ്ടിയാണ് ഇപ്പോള്‍ അതുപയോഗിക്കുന്നതെന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലോഡിയോ ഗുജറോട്ടി.
ഇതുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള ബിഷപ്പുമാര്‍ക്കായി പുറപ്പെടുവിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ ഗുജറോട്ടി ഇക്കാര്യം പറഞ്ഞത്.
ഈ വര്‍ഷത്തെ സംഭാവനയുടെ ഒരു ഭാഗം ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.
യുദ്ധത്തില്‍ ക്ലേശമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ സാധ്യമായ സ്ഥലങ്ങളിലെല്ലാം ജീവസംരക്ഷണത്തിനായി കത്തോലിക്ക സഭ കടന്നു ചെല്ലുമെന്ന് കര്‍ദിനാള്‍ പറഞ്ഞു. എങ്കിലും യുദ്ധം ഭയാനകമായ രീതിയില്‍ പടരുന്ന സാഹചര്യത്തില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിധി ഉണ്ട്.
യേശുക്രിസ്തു ജീവിച്ച സ്ഥലത്ത് ഇന്ന് നിരവധി ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങളുണ്ടെന്നും അവരെ സഹായിക്കുന്നതിനായി നല്‍കുന്ന ഈ സംഭാവനക്ക് വലിയ പ്രസക്തിയുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
യേശു ജനിച്ച മണ്ണില്‍ നിന്ന് ക്രൈസ്തവ സാന്നിധ്യം തുടച്ചുനീക്കപ്പെടാന്‍ നമ്മള്‍ അനുവദിക്കരുതെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.