കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം 12ന്; ജൂബിലി സ്മാരകമായി  നിരവധി ജീവകാരുണ്യ പദ്ധതികള്‍

 
Kanjaira

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. മെയ് 12 മുതല്‍ 15 വരെ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടക്കുന്ന രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലി യോടെയാണ് സുവര്‍ണജൂബിലി വര്‍ഷാചരണത്തിന് തുടക്കമാകുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സുവര്‍ണ്ണ ജൂബിലി, രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി എന്നിവ ഉദ്ഘാടനം ചെയ്യും.

രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കുന്ന ജൂബിലി സമ്മേളനത്തില്‍ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്‍കും.  എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ വൈദിക ര്‍-സന്യസ്തര്‍-അല്മായരുള്‍പ്പെടെ 180 പ്രതിനിധി കള്‍ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കും. 17-ന് രൂപതയിലെ എല്ലാ ഇടവകളിലും ജൂബിലി പതാക ഉയര്‍ത്തി ഇടവകതല ഉദ്ഘാടനം നിര്‍വഹിക്കും. ഇടവകതല ജൂബിലി പദ്ധതികള്‍ അന്നു പ്രഖ്യാപിക്കും.

സുവര്‍ണ ജൂബിലി സ്മാരക ഭവന നിര്‍മാണ പദ്ധതി, വാസയോഗ്യ ഭവന പദ്ധതി, ചികിത്സാ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, രൂപതാ ചരിത്ര ക്വിസ്, വിശുദ്ധഗ്രന്ഥ പഠന പരമ്പര, കുടുംബക്കൂട്ടായ്മ വാര്‍ഷികങ്ങള്‍, ഇടവക ദിനാഘോഷം, സാമുദായിക-സാംസ്‌കാരിക സംഗമം, സമൂഹിക ശുചിത്വവാരാചരണം, പരിസ്ഥിതി ദിനാചരണം, പൈതൃക പഠനപരമ്പര, ഭവനസന്ദര്‍ശനം തുടങ്ങിയ നിരവധി പദ്ധതികളാണ് ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുന്നത്.

1977-ല്‍ ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ചാണ് മാര്‍ പോള്‍ ആറാമന്‍ പാപ്പ  കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ചത്. മാര്‍ ജോസഫ് പവ്വത്തിലായിരുന്നു പ്രഥമ മെത്രാന്‍. തുടര്‍ന്ന് മാര്‍ മാത്യു വട്ടക്കുഴിയും മാര്‍ മാത്യു അറയ്ക്കലും രൂപതയെ  നയിച്ചു.

Tags

Share this story

From Around the Web