കേരളത്തിലെ ആദ്യ കരിസ്മാറ്റിക് ധ്യാനകേന്ദ്രമായ ഭരണങ്ങാനം അസീസിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഓഗസ്റ്റ് 30ന് സമാപിക്കും. ഫാ. സരീഷ് തൊണ്ടാംകുഴിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും
ഭരണങ്ങാനം: കേരളത്തിലെ ആദ്യ കരിസ്മാറ്റിക് ധ്യാനകേന്ദ്രമായ ഭരണങ്ങാനം അസീസിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഓഗസ്റ്റ് 30ന് സമാപിക്കും. 1976 സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകന്‍ ദൈവദാസന്‍ ഫാ. ആര്‍മണ്ട് കപ്പൂച്ചിനാണ്. അദ്ദേഹത്തോടൊപ്പം ഫാ. ഗ്രേഷ്യന്‍ കപ്പൂച്ചിനും ഉണ്ടായിരുന്നു.
സമാപന സമ്മേളനം നാളെ വൈകുന്നേരം നാലിന് അസീസി ധ്യാനകേന്ദ്രത്തില്‍ നടക്കും. കൃതജ്ഞതാബലിക്ക് കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സരീഷ് തൊണ്ടാംകുഴിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍മാര്‍ സഹകാര്‍മ്മികരാകും.
തുടന്നുനടക്കുന്ന പൊതുസമ്മേളനം കെസിഎസ്സി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍സണ്‍ കൗണ്ടിയില്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി വൈക്കത്തുപറമ്പില്‍, പാലാ രൂപതാ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. തോമസ് ഓലാലയത്തില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കപ്പൂച്ചിന്‍ സഹോദരങ്ങളുടെ കാപ്പിപ്പൊടി ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് നടക്കും.
ജീവിത നവീകരണത്തിലൂടെ ആയിരക്കണക്കിന് വ്യക്തികളെയും കുടുംബങ്ങളെയും വിശുദ്ധിയുടെ പാതകളിലേക്ക് നയിക്കാന്‍ അസീസി ധ്യാകേന്ദ്രത്തിന് സാധിച്ചു. അനേകം പ്രശസ്തരായ ധ്യാനഗുരുക്കന്മാര്‍ക്ക് ജന്മം നല്‍കാനും ഈ ധ്യാനകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ ഫാ. തോമസ് കാഞ്ഞിരക്കോണം ഡയറക്ടറും ഫാ. ജോസ് വേലച്ചേരി അസി. ഡയറക്ടറുമാണ്.