സ്വര്‍ണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി സംഘം കസ്റ്റഡിയില്‍ വാങ്ങും

 
thantri kandaru


തിരുവനന്തപുരം:ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി സംഘം കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും കേസിലെ കൂടുതല്‍ തെളിവുകള്‍ തേടിയാകും കസ്റ്റഡിയില്‍ വാങ്ങുക. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യത.

തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ആചാര ലംഘനം നടത്തി ഗൂാലോചനയില്‍ പങ്കാളിയായി. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ദേവസ്വം ബോര്‍ഡ് നിര്‍ദേശപ്രകാരം പാളികള്‍ നല്‍കിയപ്പോള്‍ തന്ത്രി മൗനാനുവാദം നല്‍കി. 

ദേവസ്വം മാനുവല്‍ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥനായ തന്ത്രിയ്ക്ക് വീഴ്ചയുണ്ടായി എന്നതടക്കമുള്ള ഗുരുതര പരാമര്‍ശങ്ങളാണ് എസ് ഐ ടി, കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്.

അതേസമയം താന്‍ നിരപരാധിയാണെന്നും കേസില്‍ കുടുക്കിയതാണെന്നുമാണ് തന്ത്രിയുടെ പ്രതികരണം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതോടെയാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലേക്ക് എസ് ഐ ടി കടന്നത്. 

ചോദ്യം ചെയ്യലിന് തന്ത്രി കണ്ഠരര് രാജീവരെ വിളിച്ചുവരുത്തുകയായിരുന്നു. തിരുവനന്തപുരത്ത് രാവിലെ പത്ത് മുതല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തന്ത്രിയെ ചോദ്യം ചെയ്തത്.ഇന്നലെ ഉച്ചതിരിഞ്ഞ് കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Tags

Share this story

From Around the Web