റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; വില 1,16,800 രൂപയിലെത്തി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണവില പവന് ഒറ്റയടിക്ക് 3,160 രൂപ വര്‍ധിച്ച് 1,16,800 രൂപയായി. ഗ്രാമിന് 395 രൂപയുടെ മുന്നേറ്റത്തോടെ 14,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,495 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്ന് അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും ബോണ്ട് വിപണികള്‍ക്ക് ആശ്വാസമായതുമാണ് ജൂണ്‍ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിച്ചത്.
ഇന്നത്തെ വിപണി വിലയനുസരിച്ച് 3 ശതമാനം ജി.എസ്.ടി. കൂടി ചേര്‍ത്താല്‍ എട്ട് ഗ്രാം സ്വര്‍ണം വാങ്ങാന്‍ മാത്രം 1,20,304 രൂപ വരും. ഇതിനുപുറമേ ജ്വല്ലറികള്‍ ഈടാക്കുന്ന പണിക്കൂലിയും നല്‍കേണ്ടതുണ്ട്. പത്ത് ശതമാനം പണിക്കൂലി കണക്കാക്കുകയാണെങ്കില്‍ 11,680 രൂപയും, അതിന്മേല്‍ വരുന്ന ജി.എസ്.ടിയും ഉള്‍പ്പെടെ എട്ട് ഗ്രാം ആഭരണത്തിന് ഏകദേശം 1,32,334 രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുള്ള ചാഞ്ചാട്ടവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ചൈന, യു.എസ്. തുടങ്ങിയ പ്രധാന രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയും വ്യാവസായിക ഡിമാന്‍ഡിലെ മാറ്റങ്ങളും ഒപെക് പ്ലസ് രാജ്യങ്ങളുടെ ഉല്‍പാദന നയങ്ങളുമാണ് നിലവില്‍ ആഗോള വിപണിയെ നിയന്ത്രിക്കുന്ന മറ്റ് പ്രധാന ഘടകങ്ങള്‍.