ഓണം അടുത്തതോടെ പൂക്കൾക്ക് സ്വർണവില; മുല്ലപ്പൂ കിലോയ്ക്ക് 1600 രൂപ വരെ, ഒരു മുഴത്തിന് 60 രൂപ; വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കും
വൈക്കം: ഓണം അടുത്തതോടെ പൂക്കൾക്ക് സ്വർണവില. നാടെങ്ങും ഓണാഘോഷം സജീവമായതോടെ പൂക്കളുടെ വിലയും ദിനംപ്രതി കുതിച്ചുയരുകയാണ്.
പൂക്കൾ വാങ്ങാൻ വിപണിയിലെത്തുന്നവർ വില കേട്ട് അമ്പരക്കുകയാണ്. തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ലഭ്യത കുറഞ്ഞതാണ് വില വർധനക്ക് പ്രധാന കാരണം. വിവിധ പൂക്കൾക്ക് കിലോയ്ക്ക് 100 മുതൽ 1600 രൂപ വരെയാണ് വില.
സ്കൂൾ, കോളജ്, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷം സജീവമായതോടെ പൂക്കളുടെ ആവശ്യം വർധിച്ചിട്ടുണ്ട്. പൂക്കളുടെ രാജാവായ മുല്ലപ്പൂവിനാണ് ഏറ്റവും കൂടിയ വില. കിലോയ്ക്ക് 1500 മുതൽ 1600 രൂപ വരെയാണ് നിലവിൽ വില. വില കുതിച്ചതോടെ മുല്ലപ്പൂ കിലോക്ക് പകരം മുഴം കണക്കിനാണ് വിൽക്കുന്നത്.
ഒരു മുഴത്തിന് 40 മുതൽ 60 രൂപ വരെയാണ് വില. ഇതു വീണ്ടും ഉയരുമെന്നാണു സൂചന. അരളിക്കും ജമന്തിക്കും കിലോയ്ക്ക് 450 രൂപ മുതലാണ് വില. റോസ് 380 രൂപ മുതലും ചെത്തി, ബന്ദി, വാടാമല്ലി എന്നിവയ്ക്ക് 200 രൂപ മുതലുമാണ് വില. തുളസി കിലോയ്ക്ക് 100 രൂപ മുതലാണ് വില.
ലഭ്യതക്കുറവും ഗതാഗത ചെലവും ഓണക്കാലത്തെ അധിക ആവശ്യകതയുമാണ് വില ഉയരാൻ കാരണം. വരും ദിവസങ്ങളിൽ മൊത്ത വില ഇനിയും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുനനു. എന്തു വില കൊടുത്തും പൂക്കൾ വാങ്ങി പൂക്കളം തീർക്കാൻ മലയാളി തയ്യാറാകുമെന്നതിനാൽ തിരുവോണത്തിനു മുന്നോടിയായി വ്യാപാരികൾ വൻതോതിൽ പൂക്കൾ ശേഖരിച്ചു തുടങ്ങി